റഷ്യ – യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

റഷ്യ – യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ പത്ത് ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. റഷ്യന്‍ സേനയുമായി സ്വമേധയാ കരാറില്‍ ഏര്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നും കേന്ദ്രം അറിയിച്ചു. ജോലി അവസരം തേടി റഷ്യയിലേക്ക് പോയ 26പേരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് മറുപടി. ഏജന്റുമാര്‍ തെറ്റിദ്ധരിപ്പിച്ച നിരവധിപേര്‍ റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടതായും കേന്ദ്രം കോടതിയെ അറിയിച്ചു.

റഷ്യയിലേക്ക് പോയ തങ്ങളുടെ ബന്ധുക്കളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഈ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചത്. റഷ്യന്‍ സൈന്യത്തില്‍ സഹായികളായും മറ്റും ചേര്‍ന്ന ശേഷം യുദ്ധമുഖത്തെത്തിയവരാണ് കൊല്ലപ്പെട്ടത്. യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നയതന്ത്ര ചര്‍ച്ചകള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2022 ഫെബ്രുവരിയിലാണ് റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചത്. നാല് വര്‍ഷം പിന്നിടുമ്പോഴും യുദ്ധം ശക്തമായി തന്നെ തുടരുകയാണ്. കഴിഞ്ഞാഴ്ച ഓര്‍ത്തഡോക്സ് ഈസ്റ്ററിനോട് അനുബന്ധിച്ച് വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കേ യുക്രൈനില്‍ റഷ്യ മിസൈല്‍ – ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. 700ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 17പേരാണ് കൊല്ലപ്പെട്ടത്. അതേസമയം റഷ്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് ശക്തമായ ആക്രമണം യുക്രൈനും നടത്തി.

Scroll to Top