പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിലെ ഇന്ത്യയുടെ വമ്പന്‍ ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ വീണ്ടും മാറ്റം. പെര്‍ത്തിലെ 295 റണ്‍സ് ജയത്തോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ഓസ്‌ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 15 ടെസ്റ്റില്‍ ഒമ്പത് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയുമുള്ള ഇന്ത്യ 110 പോയന്റും 61.110 പോയന്റ് ശതമാനവുമായാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
തോല്‍വിയോടെ ഓസ്‌ട്രേലിയ 13 കളികളില്‍ എട്ട് ജയവും നാലു തോല്‍വിയും 90 പോയന്റും 57.690 പോയന്റ് ശതമാനവുമായി രണ്ടാം സ്ഥാനത്തായി. നേരത്തെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതോടെ ഇന്ത്യ പോയന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയിരുന്നെങ്കില്‍ പെര്‍ത്തിലെ ജയത്തോടെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ഉറപ്പാക്കാമായിരുന്നു. പെര്‍ത്തില്‍ ജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയെങ്കിലും മറ്റ് ടീമുകളുടെ ഫലം ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിക്കാന്‍ ഇന്ത്യക്ക് പരമ്പരയിലെ നാലു കളികളിലെങ്കിലും ജയിക്കുകയും ഒരു മത്സരം സമനിലയാക്കുകയും വേണം.