മരിച്ച നവീന്‍ ബാബുവിന്റെ ഭാര്യയും തഹസില്‍ദാരുമായ കെ മഞ്ജുഷയാണ് അന്വേഷിക്കണം ആവശ്യപ്പെട്ട് നല്‍കിയ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംസ്ഥാന പൊലീസ് അന്വേഷണം പ്രഹസനമാണെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മറ്റൊരു പൊതുതാല്‍പ്പര്യ ഹര്‍ജിയും ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്.
മരിച്ച നവീന്‍ ബാബുവിന്റെ ഭാര്യയും തഹസില്‍ദാരുമായ കെ മഞ്ജുഷയാണ് അന്വേഷിക്കണം ആവശ്യപ്പെട്ട് നല്‍കിയ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നവീന്‍ ബാബുവിന്റേത് ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നുവെന്നും മഞ്ജുഷ ഹര്‍ജിയില്‍ പറയുന്നു. എഡിഎമ്മിന്റെ മരണത്തിന് ശേഷം രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് നാളിതുവരെ അന്വേഷണത്തില്‍ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ല. സിസിടിവി അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ പോലും സമാഹരിക്കുന്നില്ല. യഥാര്‍ത്ഥ തെളിവുകള്‍ മറച്ചുപിടിക്കാനും പ്രതിയെ രക്ഷിക്കാനുള്ള വ്യജതെളിവുകളുണ്ടാക്കാനുമാണ് അന്വേഷണസംഘത്തിന് വ്യഗ്രതയെന്നും സംശയിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷമുള്ള ഇന്‍ക്വസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലെ വീഴ്ചയും മനപൂര്‍വമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അടുത്ത ബന്ധുവിന്റെ സാന്നിധ്യം പോലുമില്ലാതെ പൂര്‍ത്തിയാക്കിയ നടപടിക്രമങ്ങള്‍ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവന്‍ പ്രതികളേയും നിയമത്തിനുമുന്നില്‍ എത്തിക്കാനും സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ സംശയമുന ഉയര്‍ത്തുന്ന വാദങ്ങളും ഹര്‍ജിയിലുണ്ട്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കപ്പെടാതെയാണ് ക്യാമറാമാനേയും കൂട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എത്തിയത്. പ്രസംഗത്തില്‍ നവീന്‍ ബാബുവിനെ മോശക്കാരനാക്കി ചിത്രീകരിച്ച് പുറംലോകത്ത് പ്രചരിപ്പിച്ചത് മനപൂര്‍വമാണ്. മരണത്തിനുശേഷവും പ്രതിയായ ദിവ്യയും മറ്റും നവീനെ വേട്ടയാടുന്നത് തുടരുകയാണ്. കൈക്കൂലിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പരാതി പോലും വ്യാജമാണ്. എഡിഎമ്മിന്റെ മരണത്തിന് ശേഷമാണ് തങ്ങളുടെ സംശയങ്ങള്‍ വര്‍ധിച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീന്‍ ബാബുവിനെ കണ്ടവരരാരൊക്കെയെന്ന് വിശദമായ അന്വേഷണം വേണമെന്നും കളക്ട്രേറ്റിലേയും റെയില്‍വേ സ്റ്റേഷനിലേയും ക്യാര്‍ട്ടേഴ്‌സിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തണമെന്നം കുടുംബം ആവശ്യപ്പെടുന്നു.
അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ടുകളും തുടര്‍ നടപടികളും സര്‍ക്കാര്‍ മുക്കി. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ചയായി. നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച ടി വി പ്രശാന്തിനെതിരെ കൂടുതല്‍ നടപടിയുമില്ല. വിവരാവകാശ നിയമപ്രകാരം പോലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.