കാസര്‍ഗോഡ് നഗരസഭയില്‍ ത്രിദിന ശുചീകരണ യജ്ഞം നടത്തി

കാസര്‍ഗോഡ് നഗരസഭയില്‍ ത്രിദിന ശുചീകരണ യജ്ഞം നടത്തി’; നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷഹീന സലീം ഉദ്ഘാടനം ചെയ്തു.
കാസര്‍ഗോഡ്: മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെയുംസ്വച്ഛ് സര്‍വേക്ഷന്റെയും KSWMPയുടെയും ഭാഗമായി കാസര്‍ഗോഡ് നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വമ്പിച്ച ശുചീകരണ യജ്ഞത്തിന് 28ന് തുടക്കമായിരുന്നു. ബന്നറ് മയെക്ക് മുന്നേ ബിര്‍ത്തി ആക്കിറാ എന്ന പേര് വ്യത്യസ്തം ആയിരുന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷഹീന സലീം നിര്‍വ്വഹിച്ചു. ‘നമ്മുടെ നഗരം നമ്മുടെ ഉത്തരവാദിത്തം’ എന്ന സന്ദേശമുയര്‍ത്തി നഗരത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസത്തെ തീവ്ര ശുചീകരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഏപ്രില്‍ 28-ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആദ്യദിനം നഗരസഭാ ജീവനക്കാര്‍ ചേര്‍ന്ന് ഓഫീസ് പരിസരം ശുചീകരിച്ചു. രണ്ടാം ദിനമായ ഏപ്രില്‍ 29-ന് നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും ചേര്‍ന്ന് ഓഫീസ് പരിസരവും അനുബന്ധ മേഖലകളും വൃത്തിയാക്കി.
ഏപ്രില്‍ 30-ന് (ഇന്ന്) നഗരത്തില്‍ വിപുലമായ രീതിയിലുള്ള മെഗാ ശുചീകരണ പരിപാടിയാണ് നടന്നത്. ശുചിത്വ മിഷന്‍, കെ.എസ്.ഡബ്ല്യു.എം.പി (KSWMP), കുടുംബശ്രീ, എന്‍.എസ്.എസ്/എന്‍.സി.സി കേഡറ്റുകള്‍, വ്യാപാരി വ്യവസായികള്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഈ ജനകീയ യജ്ഞത്തില്‍ പങ്കാളികളായി.
ശുചിത്വവും ആരോഗ്യവും ഐശ്വര്യവും ഉറപ്പുവരുത്താന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ഷഹീന സലീം അഭ്യര്‍ത്ഥിച്ചു. നഗരസഭയുടെ ബയോ മൈനിംഗ് പദ്ധതി ഉള്‍പ്പെടെയുള്ള മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടൊപ്പം പ്രാധാന്യം നല്‍കുന്നുണ്ട്. ജനപ്രതിനിധികളും വിവിധ സംഘടനകളും പൊതുജനങ്ങളും ഒത്തുചേര്‍ന്ന് നഗരത്തെ സുന്ദരമാക്കാനുള്ള ആവേശകരമായ പങ്കാളിത്തമാണ് ശുചീകരണ യജ്ഞത്തില്‍ ദൃശ്യമാകുന്നത്.

.

Scroll to Top