പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹി സര്‍ക്കാരും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്
ന്യൂഡല്‍ഹി : വിലക്കയറ്റം നേരിടാന്‍ ജനങ്ങള്‍ക്ക് പുതിയ സമ്പത്തിക നയങ്ങള്‍ നിര്‍ദേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അകമ്പടി വാഹനങ്ങളുടെ എണ്ണം പകുതിയായി കുറച്ചു. 50% ആയി വെട്ടി കുറയ്ക്കാന്‍ ആണ് നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയത്. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാനും മോദി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെട്രോള്‍ ഡീസല്‍ പ്രതിസന്ധിയ്ക്ക് പിന്നാലെയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനോടാണ് (എസ്.പി.ജി) നിലവിലെ വാഹനങ്ങളുടെ എണ്ണത്തില്‍ 50 ശതമാനം കുറവ് വരുത്താന്‍ ആവശ്യപ്പെട്ടത്. സുരക്ഷാ മാനദണ്ഡങ്ങള്‍ അടങ്ങിയ ബ്ലൂ ബുക്കിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുതന്നെ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ എസ്പിജി നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധന ഉപയോഗം കുറക്കാനും ആഡംബരങ്ങള്‍ ഒഴിവാക്കി മാതൃകയാകാനും മറ്റ് മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും മോദി നിര്‍ദ്ദേശം നല്‍കി.
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹി സര്‍ക്കാരും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. മന്ത്രിമാര്‍ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. എംഎല്‍എമാര്‍ക്കും നിര്‍ദേശം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ കാര്‍പൂളിംഗ്, പൊതു ഗതാഗതം, മെട്രോ എന്നിവ ഉപയോഗിക്കണം എന്നും രേഖ ഗുപ്ത വ്യക്തമാക്കി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വാഹന വ്യൂഹത്തിന്റെ എണ്ണം കുറച്ചു.
കഴിഞ്ഞ ഞായറാഴ്ച ഹൈദരാബാദ് സന്ദര്‍ശന വേളയിലാണ് സ്വര്‍ണ്ണത്തിന്റെയും ഇന്ധനത്തിന്റെയും ഉപഭോഗം കുറക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത്. സ്വര്‍ണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോള്‍ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ച നിര്‍ദ്ദേശം.




