തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവതരണഗാനത്തിന്റെ നൃത്താവിഷ്ക്കാരം കലാമണ്ഡലം ചിട്ടപ്പെടുത്തും. കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം ഉറപ്പ് നല്കി. നൃത്തം പഠിപ്പിക്കാന്‍ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു നൃത്തം പഠിപ്പിക്കാന്‍ പ്രമുഖ നടി പണം ആവശ്യപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞെങ്കിലും ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
എന്നാല്‍, വിവാദം മുറുകിയപ്പോള്‍ മന്ത്രി നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ചിരുന്നു. തന്റെ പ്രസ്താവന പിന്‍വലിക്കുകയാണെന്നും വിവാദത്തിനില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍, അവതരണഗാനത്തിന്റെ നൃത്തം ആര് പഠിപ്പിക്കുമെന്നായിരുന്നു ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. അതിനാണ് കലാമണ്ഡലം ഉത്തരം നല്‍കിയത്.കലാമണ്ഡലത്തിലെ അധ്യാപകരും പിജി വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന് കലാമണ്ഡലം രജിസ്ട്രാര്‍ രാജേഷ് കുമാര്‍ പറഞ്ഞു.
പ്രതിഫലത്തില്‍ തട്ടി നടി പിന്മാറിയ സ്ഥാനത്താണ് കലാമണ്ഡലം സൗജന്യമായി നൃത്താവിഷ്കാരം ചിട്ടപ്പെടുത്തുന്നത്. ഇനി വിവാദത്തിനില്ലെന്നും കലാമണ്ഡലത്തിന്റെ നടപടി അന്തസ്സാണെന്നും വിദ്യാഭ്യാസമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിശീലത്തിന് പ്രതിഫലം വാങ്ങുന്നത് ശരിയോ തെറ്റോ എന്നതില്‍ വലിയ പോരാണ് നടന്നത്. മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നടിയെ അനുകൂലിച്ചും എതിര്‍ത്തും വാദങ്ങള്‍ ഉയര്‍ന്നു. പേര് പരാമര്‍ശിക്കാതെ മന്ത്രി പറഞ്ഞ നടി ഉന്നത കേന്ദ്രങ്ങളോട് പറഞ്ഞ പരാതിയിലായിരുന്നു മന്ത്രിയുടെ യൂ ടേണ്‍ എന്നാണ് വിവരം. മത്സരങ്ങള്‍ക്ക് കര്ട്ടന് ഉയരും മുമ്പെ തുടങ്ങിയ വിവാദങ്ങള്‍ക്കൊടുവില്‍ കലാമണ്ഡലത്തിന്റെ ഫ്രീ ക്ലാസിലെ അവതരണനൃത്തത്തിലാകും ഇനിയുള്ള ശ്രദ്ധ.