അര്‍ജുനും അനാമികയ്ക്കും ഇനി സ്വന്തം ‘ശ്രീ ഭവനം’

പരപ്പ: അനാഥത്വത്തിന്റെ കയ്പുനീരറിഞ്ഞ രണ്ട് കുരുന്നുകള്‍ക്ക് കാരുണ്യത്തിന്റെ തണലൊരുക്കി കിനാനൂര്‍-കരിന്തളം മോഡല്‍ സി.ഡി.എസ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ അര്‍ജുനും അനാമികയ്ക്കും ‘ഒരുമയിലുയരും കൂട്’ പദ്ധതിയിലൂടെ ഇനി സ്വന്തം കൂരയില്‍ അന്തിയുറങ്ങാം. കുടുംബശ്രീ പ്രവര്‍ത്തകരുടെ സ്‌നേഹസമ്പാദ്യവും സുമനസ്സുകളുടെ സഹായവും ചേര്‍ത്തൊരുക്കുന്ന ‘ശ്രീ ഭവന’ത്തിന്റെ തറക്കല്ലിടല്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന്‍ നിര്‍വഹിച്ചു.
കോയിത്തട്ട പാലിലൊട്ടിയിലെ പ്ലസ് ടു പഠനം കഴിഞ്ഞ അര്‍ജുനനും കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനാമികയും നിലവില്‍ അമ്മൂമ്മ കൗസല്യയുടെ സംരക്ഷണയിലാണ്. കൗസല്യ നല്‍കിയ 20 സെന്റ് സ്ഥലത്താണ് ഇവര്‍ക്കായി സ്‌നേഹവീട് ഒരുങ്ങുന്നത്.

പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളും തങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്ന കുടുക്കകളില്‍ നിന്നും വഞ്ചികളില്‍ നിന്നും ഒരു ദിവസം കുറഞ്ഞത് ഒരു രൂപ വീതം 100 ദിവസം മാറ്റിവെച്ചാണ് പദ്ധതിക്കാവശ്യമായ ഫണ്ട് സമാഹരിക്കുന്നത്. ഇതിനുപുറമെ കാരുണ്യമനസ്സുള്ള സ്‌പോണ്‍സര്‍മാരില്‍ നിന്ന് നിര്‍മ്മാണ സാമഗ്രികളും വിവിധ തൊഴിലാളി സംഘടനകളുടെ സഹകരണത്തോടെ സൗജന്യ അദ്ധ്വാനവും ലഭ്യമാക്കും. സിവില്‍ എന്‍ജിനീയര്‍മാരുടെ സന്നദ്ധ സേവനം ഉറപ്പാക്കി സൗജന്യമായി പ്ലാനും ഡിസൈനും തയ്യാറാക്കിയതിലൂടെ നിര്‍മ്മാണച്ചെലവ് വലിയ തോതില്‍ കുറയ്ക്കാനും സി.ഡി.എസിന് സാധിച്ചു. ലൈഫ് മിഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും സാങ്കേതിക കാരണങ്ങളാല്‍ വീട് ലഭിക്കാത്തവര്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്.

കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഡി.എം.സി. രതീഷ് പിലിക്കോട്, എ.ഡി.എം.സി. കെ.എം. കിഷോര്‍ കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അനിത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പാറക്കോല്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു.
കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എ.പി. സജിത് കുമാര്‍, മെമ്പര്‍മാരായ വി.വി. യശോദ, നൗഷാദ് മുഹമ്മദ്, പി. സാവിത്രി, കെ. ധന്യ എന്നിവര്‍ സന്നിഹിതരായിരുന്നു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എച്ച്. കാര്‍ത്യായണി സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ ടി.വി. പ്രസീത നന്ദിയും പറഞ്ഞു

Scroll to Top