തുക്കോച്ചിവളപ്പ് ശ്രീ വയനാട്ടുകുലവന്‍ തറവാട് കുടുംബസംഗമം ശ്രദ്ധേയമായി

മേല്‍പറമ്പ്: അരമങ്ങാനം തുക്കോച്ചിവളപ്പ് ശ്രീ വയനാട്ടുകുലവന്‍ തറവാടിന്റെ കുടുംബസംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. തറവാട് പ്രസിഡന്റ് ഗണേഷ് അരമങ്ങാനത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിലെ മൂത്ത ഭഗവതിയുടെ നര്‍ത്തകനായ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ ഉദ്ഘാടനം ചെയ്തു.

അനുഗ്രഹ പ്രഭാഷണത്തില്‍ സംസാരിച്ച അദ്ദേഹം, കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലും പാരമ്പര്യവും സംസ്‌കാരവും പുതുതലമുറയ്ക്ക് കൈമാറുന്നതിലും തറവാടുകള്‍ക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന് ചൂണ്ടിക്കാട്ടി. തറവാട്ടിലെ അംഗങ്ങള്‍ തങ്ങളുടെ പാരമ്പര്യ കേന്ദ്രങ്ങളുമായി ബന്ധം നിലനിര്‍ത്തുകയും തറവാടിന്റെ ഐതിഹ്യവും മൂല്യങ്ങളും വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ചടങ്ങില്‍ തുക്കോച്ചിവളപ്പ് ശ്രീ വയനാട്ടുകുലവന്‍ തറവാട്ടില്‍ പുതുതായി നിര്‍മ്മിക്കുന്ന മേല്‍മാടിന്റെ ഡിസൈന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ പ്രകാശനം ചെയ്തു. ഡിസൈന്‍ റിട്ട. എന്‍.എസ്.ജി ക്യാപ്റ്റന്‍ എം. വിജയകുമാര്‍ പെരിങ്ങോമിന് കൈമാറിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.

2017-ല്‍ തറവാട്ടില്‍ നടന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തില്‍ ചൂട്ട് ഒപ്പിക്കല്‍ ചടങ്ങ് നിര്‍വഹിച്ച തറവാട് കാരണവര്‍ കണ്ണന്‍ തുക്കോച്ചിവളപ്പ്, പാടി പുള്ളികരിങ്കാളി ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ബി.കെ. കുട്ടി എന്നിവരെയും തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസ രംഗത്തും വിവിധ തൊഴില്‍ മേഖലകളിലും മികവ് തെളിയിച്ച കുട്ടികളെയും വ്യക്തികളെയും അനുമോദിക്കുകയും ചെയ്തു.

അരമങ്ങാനം പ്രാദേശിക സമിതി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ശേഖരന്‍ മാവുംതറക്കാല്‍, ഭാസ്‌കരന്‍ ഉലൂജി, സെക്രട്ടറി നവരാജ് ദേളി, ഉലൂജി കല്ലുരുട്ടിയമ്മ ദേവസ്ഥാനത്തിലെ മുഖ്യകര്‍മ്മി കുമാരന്‍ ഉലൂജി, ട്രഷറര്‍ സുകുമാരന്‍ വള്ളിയോട്, റിട്ട. എന്‍.എസ്.ജി ക്യാപ്റ്റന്‍ എം. വിജയകുമാര്‍ പെരിങ്ങോം, ലോഹിതാക്ഷന്‍ അരമങ്ങാനം, ശശി ചെമ്മനാട്, മോഹനന്‍ ബേക്കറി കാപ്പുംങ്കയം, മാതൃസമിതി ഭാരവാഹികളായ സജിത മോഹനന്‍, രജിത കരുണാകരന്‍, ലക്ഷ്മി ഗോപാലന്‍ കല്ലളി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

തറവാട് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജു കാസര്‍ഗോഡ് സ്വാഗതവും ട്രഷറര്‍ സതീശന്‍ ചെര്‍ക്കള നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ വിവിധ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഉച്ചഭക്ഷണമായി വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന കുടുംബസംഗമം വൈകുന്നേരം അഞ്ച് മണിയോടെ സമാപിച്ചു. പാരമ്പര്യത്തിന്റെയും കുടുംബ ഐക്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച ഈ സംഗമം പങ്കെടുത്തവര്‍ക്കെല്ലാം ശ്രദ്ധേയ അനുഭവമായി.

Scroll to Top