കുമ്പള.പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി തീരാന്‍ ഇനി മാസങ്ങള്‍ അവശേഷിക്കെ ടൗണിലെ മൂന്ന് പ്രധാന വാഗ്ദാനങ്ങളില്‍ രണ്ടെണ്ണം നടപ്പിലാക്കിയാണ് ഭരണസമിതി പടിയിറങ്ങുക.
ഏറെ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന മാര്‍ക്കറ്റ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. ഏകദേശം 60% ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഏറെക്കാലത്തെ മുറവിളിക്ക് ശേഷം നഗരമധ്യത്തില്‍ ശൗചാലയം ഒരുങ്ങിക്കഴിഞ്ഞു.ടൗണിന് സമീപം ബദിയടുക്കാ റോഡില്‍ ശുചിമുറിയും, വിശ്രമകേന്ദ്രവും അടക്കമുള്ള കെട്ടിടമാണ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയിട്ടുള്ളത്. എന്നാല്‍ ബസ്റ്റാന്‍ഡ്- ഷോപ്പിംഗ് കോംപ്ലക്‌സില്‍ മാത്രം ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നു.ഈ ഭരണസമിതിക്കും ബസ്റ്റാന്‍ഡ് നിര്‍മ്മാണ വാഗ്ദാനം നടപ്പിലാക്കാന്‍ കഴിയില്ലെന്ന് വേണം കരുതാന്‍.നേരത്തെയുള്ള നാല് ഭരണസമിതികള്‍ക്കും ബസ്റ്റാന്‍ഡ് വിഷയത്തില്‍ വാഗ്ദാനം നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
കുമ്പളയില്‍ ഒരുങ്ങുന്ന വഴിയോര വിശ്രമ കേന്ദ്രം 43 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.യാത്രക്കാരായ സ്ത്രീകള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തില്‍ സ്ത്രീകള്‍ക്ക് മുലയൂട്ടല്‍ സൗകര്യവുമുണ്ട്.ഇതിന് പുറമെ കോഫി ഷോപ്പുമുണ്ടാകും. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതാണ് സ്ഥലം. പ്രത്യേക അനുമതി വാങ്ങിയാണ് കുമ്പള ഗ്രാമപഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഹാബിറ്റാറ്റ് ‘ ഏജന്‍സിക്കായിരുന്നു നിര്‍മ്മാണ ചുമതല. അവസാന മിനുക്ക് പണികളായാല്‍ കെട്ടിടം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
ആധുനിക രീതിയിലുള്ള മത്സ്യമാര്‍ഗറ്റ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇറച്ചി വില്പനയ്ക്കും പച്ചക്കറിക്കും കേന്ദ്രത്തില്‍ സൗകര്യം ഒരുക്കുന്ന വിധത്തിലാണ് നിര്‍മ്മാണം.ജില്ലാ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ഒരുകോടി 12 ലക്ഷം രൂപ ചെലവില്‍ മത്സ്യമാര്‍ഗറ്റ് നിര്‍മ്മിക്കുന്നത്. ദ്രുതഗതിയില്‍ നടന്നു വരുന്ന കെട്ടിട നിര്‍മ്മാണം ഭരണസമിതിയുടെ കാലാവധി തീരുന്നതിനുമുമ്പ് തുറന്നു കൊടുക്കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.നിലവില്‍ ശോചനീയാവസ്ഥയില്‍ ഉണ്ടായിരുന്നു പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് എല്ലാവിധ സൗകര്യങ്ങളോടു കൂടിയുള്ള ആധുനിക മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്. മത്സ്യമാര്‍ക്കറ്റില്ലാത്തത് മൂലം കുമ്പളയില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലെ മത്സ്യ വില്പന പഞ്ചായത്ത് ഭരണസമിതിക്ക് ഏറെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.ഈ വിഷയത്തില്‍ മത്സ്യ വില്പന തൊഴിലാളികളും, വ്യാപാരികളും ഇടയ്ക്കിടെ കൊമ്പ് കോര്‍ക്കാറുമുണ്ട്. വിഷയത്തില്‍ ഡിജിപി വരെയുള്ള ഇടപെടലുകളും ഉണ്ടായിട്ടുണ്ട്.കെട്ടിടം പൂര്‍ത്തിയാകുന്നതോടെ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോട്ടോ:കുമ്പളയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മത്സ്യമാര്‍ഗറ്റും, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശൗചാലയം ഉള്‍പ്പെടെയുള്ള വിശ്രമ കേന്ദ്രവും.