ഓപ്പറേഷന്‍ അമിസ്റ്റാഡ്: വെനസ്വേലയ്ക്ക് അടിയന്തിര സഹായവുമായി ഇന്ത്യ

ഭൂകമ്പം ദുരിതം വിതച്ച വെനസ്വേലയ്ക്ക് അടിയന്തിര സഹായവുമായി ഇന്ത്യ. അമിസ്റ്റാഡിന്റെ ഭാഗമായി വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ വെനസ്വേലയിലേക്ക് പുറപ്പെട്ടു. 35 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് വിമാനത്തിലുള്ളത്. കരസേനയുടെ ഫീല്‍ഡ് ഹോസ്പിറ്റല്‍ യൂണിറ്റും ഇന്ത്യന്‍ സഹായങ്ങളില്‍ ഉള്‍പ്പെടുന്നു. അമിസ്റ്റാഡ് എന്നാല്‍ സ്പാനിഷില്‍ സൗഹൃദം എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ ദുഷ്‌കരമായ സമയത്ത് വെനസ്വേല സര്‍ക്കാരിനെയും ജനങ്ങളെയും പിന്തുണയ്ക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഭൂകമ്പത്തില്‍ 188 മരണം സ്ഥിരീകരിച്ചിരുന്നു. 1500 ല്‍ അധികം പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. തുറമുഖ നഗരമായ ലാഗയ്‌റയിലാണ് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 250 ലേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ഇരുനൂറിലധികം പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുക്കിക്കിടക്കുന്നതായാണ് വിവരം. കാണാതായ 157 പേര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നൂറു വര്‍ഷത്തിനിടയില്‍ ഏറ്റവും കനത്ത ഭൂകമ്പമാണ് വെനസ്വേലയിലുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 6.04-നാണ് ആദ്യ ഭൂകമ്പമുണ്ടായത്. 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് വെറും 40 സെക്കന്‍ഡുകള്‍ക്ക് ശേഷമാണ് 7.5 തീവ്രത രേഖപ്പെടുത്തിയ അടുത്ത ഭൂകമ്പം ഉണ്ടായത്. സിമോണ്‍ ബോളിവര്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു. ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Scroll to Top