Home Kasaragod കീടബാധയേറ്റ തെങ്ങുകളില്‍ എതിര്‍ പ്രാണികളെ തുറന്ന് വിട്ടു.

കീടബാധയേറ്റ തെങ്ങുകളില്‍ എതിര്‍ പ്രാണികളെ തുറന്ന് വിട്ടു.

by KCN CHANNEL
0 comment

തെങ്ങോലപ്പുഴു അഥവാ ഓലതീനി പുഴുക്കള്‍ (Opisina arenosella Walker) പടന്ന ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി തെങ്ങിനെ ബാധിച്ചിരിക്കുന്നു. ഒക്ടോബര്‍ ,നവംബര്‍ മാസങ്ങളില്‍ തുടങ്ങി വേനല്‍ക്കാലത്താണ് ഇവയുടെ ആക്രമണം രൂക്ഷമാകുന്നത്. അന്തരീക്ഷത്തിന്റെ ആപേക്ഷിക ആര്‍ദ്രത തെങ്ങോല പുഴുവിന്റെ തീവ്രത നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നു. എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും ഇവ ആക്രമിക്കാറുണ്ട്. തെങ്ങിന്റെ താഴത്തെ നിരയിലെ ഓലകളിലാണ് ഇവയുടെ ആക്രമണം തുടക്കത്തില്‍ കണ്ടു തുടങ്ങുന്നത്, ക്രമേണ ഇവ മുകളിലുള്ള ഓലകളിലേക്കും വ്യാപിക്കുന്നു. പുഴുക്കള്‍ ഓലയുടെ അടിവശത്തിരുന്ന് ഹരിതകം കാര്‍ന്നുതിന്നതിനാല്‍ ഓലയുടെ മുകള്‍ഭാഗം വെളുത്ത പാടായി കാണപ്പെടുന്നു. ഓലയുടെ അടിഭാഗത്ത് നില്‍ക്കുന്ന സില്‍ക്ക് നൂലും, ഓലയുടെ അവശിഷ്ടങ്ങളും, വിസര്‍ജ്യ വസ്തുക്കളും മറ്റും ചേര്‍ത്ത് നിര്‍മ്മിക്കുന്ന കുഴല്‍ക്കൂടുകളും, പുഴുക്കളെയും കാണാം. ആക്രമണം രൂക്ഷമാകുമ്പോള്‍ നാമ്പോലയും അതിനോട് ചേര്‍ന്നുള്ള 2-3 ഓലകളും ഒഴിച്ച് ബാക്കി ഓലകള്‍ ഉണങ്ങി കരിഞ്ഞിരിക്കുന്നതായി കാണാം. പ്രകാശസംശ്ലേഷണശേഷിയും ഉല്‍പാദനവും ഗണ്യമായി കുറയുകയും വളര്‍ച്ച മന്ദഗതിയില്‍ ആവുകയും മച്ചിങ്ങ പൊഴിച്ചില്‍ ഉണ്ടാവുകയും ചെയ്യുന്നു. തെങ്ങോല പുഴുക്കളുടെ രൂക്ഷമായ ആക്രമണം 45.5 ശതമാനം വരെ വിളവ് കുറയ്ക്കും എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മുട്ടകള്‍ 5-6 ദിവസങ്ങള്‍ക്കുള്ളില്‍ വിരിഞ്ഞു പുഴുക്കള്‍ പുറത്തുവരുന്നു. പുഴുക്കള്‍ക്ക് കറുത്ത തലയും ഇളം പച്ച നിറത്തിലുള്ള ശരീരവും ആണുള്ളത്. പുഴുക്കളുടെ അവസാന ദശയില്‍ പുറത്തു നീളത്തില്‍ ചുവപ്പു കലര്‍ന്ന തവിട്ടു നിറത്തിലുള്ള വരകള്‍ കാണപ്പെടുന്നു. 42 ദിവസങ്ങള്‍ക്ക് ശേഷം ഇവ തവിട്ട് നിറത്തിലുള്ള കൂടുകള്‍ക്കുള്ളില്‍ സമാധിയാവുകയും 12 ദിവസങ്ങള്‍ക്ക് ശേഷം പൂര്‍ണ്ണ വളര്‍ച്ചയെത്തിയ നിശാശലഭമായി പുറത്തുവരികയും ചെയ്യുന്നു. ചാരനിരത്തിലുള്ള നീണ്ട ആന്റിനയോടു കൂടിയ പെണ്‍ നിശാശലഭങ്ങള്‍ ആണ്‍ ശലഭങ്ങളെക്കാള്‍ വലുതായിരിക്കും. നിരന്തരമായ നിരീക്ഷണത്തിലൂടെ തെങ്ങോല പുഴുവിന്റെ സാന്നിധ്യം തുടക്കത്തില്‍ തന്നെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പ്രായമായതും ഉണങ്ങിയതുമായ 2-3 ഓലകള്‍ ആദ്യമേ തന്നെ നീക്കം ചെയ്യുന്നത് തെങ്ങോലപ്പുഴുവിന്റെ വിവിധ ദശകള്‍ നശിപ്പിക്കുന്നതിന് സഹായകമാകുന്നു. ആക്രമണം കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഏത് ദശയാണ് കൂടുതലുള്ളതെന്നനുസരിച്ച് അനുയോജ്യമായ മിത്ര കീടങ്ങളെ ഉപയോഗിച്ച് ഇവയെ ഫലപ്രദമായി തടയാനാകും. തെങ്ങോല പുഴുവിനെ ഭക്ഷിക്കുന്ന നിരവധി ഇരപിടിയന്‍ പ്രാണികളും ,പരാദങ്ങളും പ്രകൃതിയില്‍ ഉണ്ട്. തെങ്ങോല പുഴുവിനെ പരാദീകരിക്കുന്ന മിത്ര കീടങ്ങളായ ഗോണിയോസസ് നെഫാന്റിഡിസ് (Goniozus nephantidis Muesebeck) തെങ്ങൊന്നിന് 20 എണ്ണം എന്ന തോതിലോ അല്ലെങ്കില്‍ ബ്രാക്കോണ്‍ ബ്രെവികോണിസ് (Bracon brevicornis Wesmael) ഒരു തെങ്ങിന് 30 എണ്ണം എന്ന തോതിലോ തെങ്ങിന്‍ തോപ്പില്‍ തുറന്നു വിടുക.തെങ്ങോല പുഴുവിന്റെ അതിരൂക്ഷാക്രമണമുള്ള സാഹചര്യങ്ങളില്‍ ക്ലോറാന്ത്രനിലിപ്രോള്‍ (18.5 SC) എന്ന കീടനാശിനി 1 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഓലകളുടെ അടിവശത്ത് തളിക്കുക. കീടബാധയുള്ള മേഖലകളില്‍ നിന്നും കീടവിമുക്ത മേഖലയിലേക്ക് തെങ്ങോലകള്‍, തെങ്ങിന്‍ തൈകള്‍ എന്നിവ കൊണ്ടുപോകാതെ സൂക്ഷിക്കണം. തെങ്ങിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മതിയായ ജലസേചനവും മികച്ച വളപ്രയോഗവും ഉറപ്പുവരുത്തുക.


തെങ്ങോല പുഴു ബാധിച്ച പടന്ന ഗ്രാമ പഞ്ചായത്തിലെ തെങ്ങിന്‍ തോപ്പുകളില്‍ പടന്ന ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ എതിര്‍ പ്രാണികളെ തുറന്നു വിട്ടു. കാസറഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ (CPCRI) നിന്ന് പടന്ന കൃഷി ഓഫീസര്‍ അരവിന്ദന്‍ കൊട്ടാരത്തിലിന്റെ നേതൃത്വത്തില്‍ ഇന്നലെയാണ് എതിര്‍ പ്രാണികളെ എത്തിച്ചത്. സി. പി. സി. ആര്‍. ഐ എന്റമോളജി വിഭാഗം സീനിയര്‍ സയന്റിസ്റ്റ് ഡോ: പ്രതിഭ പി.എസിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം ഗോണിയോസസ് നെഫാന്റിഡിസ് , ബ്രാക്കോണ്‍ ബ്രെവികോണിസ് എന്നീ എതിര്‍ പ്രാണികളെയാണ് തെങ്ങുകളില്‍ തുറന്ന് വിട്ടത്. ഇവ തെങ്ങോലപ്പുഴുക്കളെ പരാദീകരിച്ച് നശിപ്പിക്കും. പുഴുക്കളില്‍ മുട്ടയിട്ട് വംശവര്‍ദ്ധനവ് നടത്തി തെങ്ങോലപ്പുഴുവിന്റെ ലാര്‍വകളെ നശിപ്പിച്ച് ആക്രമണത്തിന്റെ തീവ്രത കുറച്ചു കൊണ്ടുവരും.40 മുതല്‍ 60 വരെ ദിവസത്തിനിടെ പെരുകി ഇവ കൂടുതല്‍ തെങ്ങുകളിലേക്ക് പടരും. ഇങ്ങനെ രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം പുഴു ശല്യം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ എതിര്‍ പ്രാണികള്‍ക്ക് കഴിയും. ആദ്യഘട്ടത്തില്‍ ലഭ്യമായ ആയിരത്തോളം മിത്രകീടങ്ങളെയാണ് ഇന്ന് തെങ്ങുകളിലേക്ക് വിട്ടത്. കീടത്തിന് അനുകൂലമായ കാലാവസ്ഥയായതിനാല്‍ കീടാക്രമണത്തിന്റെ തോത് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ എതിര്‍ പ്രാണികളെ ലഭ്യമാക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. ലഭ്യമാവുന്ന മുറയ്ക്ക് കൂടുതല്‍ തെങ്ങുകളിലേക്ക് കയറ്റി വിടുന്നതാണ്.
പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി. മുഹമ്മദ് അസ്ലം കീടബാധയേറ്റ തെങ്ങുകളില്‍ എതിര്‍ പ്രാണികളെ തുറന്നുവിടുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കൃഷി ഓഫീസര്‍ അരവിന്ദന്‍ കൊട്ടാരത്തില്‍, കൃഷി അസിസ്റ്റന്റ് കപില്‍ .പി. പി. എന്നിവര്‍ നേതൃത്വം നല്‍കി., സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ , ഷാഹിദ അഷ്‌റഫ് .ടി.കെ. പി.,ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ അസൈനാര്‍ കുഞ്ഞി.കെ. , കര്‍ഷക സംഘം പടന്ന വില്ലേജ് പ്രസിഡണ്ട് ജി.എസ്. ജഹാംഗീര്‍, കര്‍ഷക പി. സഫറ എന്നിവര്‍ പങ്കെടുത്തു.

You may also like

Leave a Comment