അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക്. രാജ്കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 116 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സാണ് അടിച്ചെടുത്തത്. ജമീമ റോഡ്രിഗസിന്റെ സെഞ്ചുറിയും (91 പന്തില്‍ 102) ഹര്‍ലീന്‍ ഡിയോള്‍ (89), സ്മൃതി മന്ദാന (73), പ്രതിക റാവല്‍ (67) എന്നിവരുടെ ഇന്നിംഗ്സുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുക്കാനാണ് സാധിച്ചത്. ദീപ്തി ശര്‍മ മൂന്നും പ്രിയ മിശ്ര രണ്ടും വിക്കറ്റെടുത്തു.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡിന് വേണ്ടി 80 റണ്‍സെടുത്ത കൗള്‍ട്ടര്‍ റീലി മാത്രമാണ് തിളങ്ങിയത്. സാറാ ഫോബ്സ് (38), ലൗറ ഡെലാനി (37) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അതേസമയം, വനിതാ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് രാജ്കോട്ടില്‍ പിറന്നത്. ഗംഭീര തുടക്കാണ് മന്ദാന-പ്രതിക ഓപ്പണിംഗ് സഖ്യം ഇന്ത്യക്ക് നല്‍കയിത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 156 റണ്‍സാണ് ചേര്‍ത്തത്. 19ാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 73 റണ്‍സെടുത്ത മന്ദാനയെ ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ് പുറത്താക്കി. രണ്ട് സിക്സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
കൂറ്റന്‍ ജയം, രണ്ടാം ഏകദിനത്തില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍
55