ഹയര്‍ സെക്കന്‍ഡറി ജില്ലാതല പ്രവേശനോത്സവം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു

പുതുയുഗ സ്വപ്നങ്ങള്‍ക്കായി എന്ന സന്ദേശവുമായി സംസ്ഥാന സര്‍ക്കാരും പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന ഹയര്‍ സെക്കന്‍ഡറി പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം, ഹൊസ്ദുര്‍ഗ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു. ആദര്‍ശ ശുദ്ധിയുള്ള, അര്‍പ്പണബോധമുള്ള, സാശ്രയ ശീലം തങ്ങളിലും പൊതുജനങ്ങളിലും വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന നമ്മുടെ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്ന പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന് എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ആര്‍.ഡി.ഡി എം.കെ വിനോദ് കുമാര്‍ പ്രവേശനോത്സവ സന്ദേശം നല്‍കി.വാര്‍ഡ് കൗണ്‍സിലര്‍ പി.വി ചന്ദ്രന്‍, എസ്.എം.സി ചെയര്‍മാന്‍ സി.കെ അഷറഫ്, വികസന സമിതി ചെയര്‍മാന്‍ എം.കെ റഷീദ്, മദര്‍ പി.ടി.എ പ്രസിഡണ്ട് ഫാത്തിമത്ത് നൗഷിബ, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി. സംഗീത, ഹയര്‍സെക്കന്‍ഡറി വിഭാഗം സീനിയര്‍ അസിസ്റ്റന്റ് കെ.വി സ ജിത, ഹൈസ്‌കൂള്‍ വിഭാഗം സീനിയര്‍ അസിസ്റ്റന്റ് രാജേഷ് ഓള്‍നടിയന്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി എന്‍. സദാശിവന്‍, ഹൈസ്‌കൂള്‍ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി.കെ രമിയ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം. ഇഖ്ബാല്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എ. സതീശന്‍ സംസാരിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് പി ഗംഗാധരന്‍ സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.എ.വി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

തുടര്‍ന്ന് പുതുതായി പ്രവേശനം നേടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുള്ള ‘മക്കളെ അറിയാന്‍’ ബോധവല്‍ക്കരണ ക്ലാസ് , ‘വിദ്യാര്‍ത്ഥികളുടെ കരിയര്‍ വികസനത്തില്‍ രക്ഷിതാക്കളുടെ പങ്ക്’ എന്ന വിഷയത്തിലുള്ള ക്ലാസ് എന്നിവ നടന്നു. സ്‌കൂളിലെ സൗഹൃദ , കരിയര്‍ ഗൈഡന്‍സ് വിഭാഗങ്ങള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി മേഖലയിലെ വിവിധ വിഭാഗങ്ങള്‍, പഠന മേഖലകള്‍ എന്നിവ പരിചയപ്പെടുത്താനുളള ഓറിയന്റേഷന്‍ പരിപാടിയും സംഘടിപ്പിച്ചു.

Scroll to Top