വയനാട് ദുരന്തത്തില്‍ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, തുരങ്കപാത നിര്‍മ്മാണം പുനരാരംഭിക്കുന്നത് അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രം

സാങ്കേതിക നിയമ പരിശോധന നടത്തും. പാരിസ്ഥിതിക അനുമതി ലഭിച്ച വേളയില്‍ കേന്ദ്രം നല്‍കിയ നിര്‍ദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ പണി നടക്കുന്നതെന്നതില്‍ പരിശോധന നടത്തും.
തിരുവനന്തപുരം: വയനാട് ആനക്കാംപൊയില്‍ കള്ളാടി തുരങ്കപാത നിര്‍മാണ സ്ഥലത്തുണ്ടായ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നല്‍കിയപ്പോഴുള്ള നിബന്ധനകള്‍ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ആശ്വാസ സഹായം നല്‍കും. സാങ്കേതിക നിയമ പരിശോധന നടത്തും. പാരിസ്ഥിതിക അനുമതി ലഭിച്ച വേളയില്‍ കേന്ദ്രം നല്‍കിയ നിര്‍ദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാര്‍ കമ്പനി പണി നടത്തിയതെന്നതില്‍ പരിശോധന നടത്തും. ഈ രണ്ട് അന്വേഷണങ്ങള്‍ക്കും ശേഷം മാത്രമേ തുരങ്കപാത നിര്‍മ്മാണം പുനരാരംഭിക്കുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അതേ സമയം, വയനാട് മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മൂന്നു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളി അന്‍മോല്‍ റായ്, ബീഹാര്‍ സ്വദേശിയായ സിവില്‍ ഫോര്‍മാന്‍ ബികാഷ് കുമാര്‍ സിങ്, മധ്യപ്രദേശ് സ്വദേശി ആയ ഓപ്പറേറ്റര്‍ ചന്ദ്ര പാന്‍ പാല്‍ എന്നിവരാണ് മരിച്ചത്. ഒന്‍പത് പേര്‍ പരിക്കേറ്റ് ചികിത്സയില്‍ ആണ്. അഞ്ചു പേരെയാണ് ഇനി കണ്ടെത്താന്‍ ഉള്ളത്. ഇവര്‍ക്കായി ഇന്ന് രാവിലെ തെരച്ചില്‍ തുടങ്ങി. മണ്ണിടിച്ചിലില്‍ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എയര്‍ ലിഫ്റ്റ് വഴി മൃതദേഹങ്ങള്‍ അവരവരുടെ നാട്ടിലെത്തിക്കും.

Scroll to Top