ഒന്നാം സമ്മാനം 30 കോടി, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക; ഓണം ബമ്പര്‍ ടിക്കറ്റ് പുറത്തിറക്കി മുഖ്യമന്ത്രി

ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രി വി.ഡി സതീശനാണ് ഓണം ബമ്പര്‍ ടിക്കറ്റ് പുറത്തിറക്കിയത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. ഈ മാസം 20 മുതല്‍ ഓണം ബമ്പര്‍ ടിക്കറ്റ് വിപണിയില്‍ ലഭിക്കും.

‘സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുക ഇത്തവണത്തെ ഓണം ബംപറിനാണ്. 30 കോടിയാണ് ഒന്നാം സമ്മാനം. തിരുവോണ ബംപര്‍ ടിക്കറ്റ് പുറത്തിറക്കുന്നു. ജൂലായ് 20 മുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ ലഭ്യമാകും’- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് മൂന്ന് കോടി രൂപ ഏജന്‍സി സമ്മാനമായും നല്‍കും. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 26 നാണ് നറുക്കെടുപ്പ്.

ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ നടന്ന ചടങ്ങില്‍ നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ , ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ.എസ്, അഡീഷണല്‍ ഡയറക്ടര്‍മാരായ ഷാജു പി.എ, അനില്‍കുമാര്‍ കെ എസ്, തുടങ്ങിയവര്‍ സന്നിഹിതരായി. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 30 കോടി രൂപ ഒന്നാം സമ്മാനം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്.

ഒരു കോടി വീതം ഇരുപത് പേര്‍ക്ക് രണ്ടാം സമ്മാനമായി നല്‍കുന്നു. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും കൂടാതെ 5000 മുതല്‍ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. അച്ചടിച്ച പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മാത്രം അംഗീകൃത ഏജന്റുമാരില്‍ നിന്നോ വില്പനക്കാരില്‍ നിന്നോ നേരിട്ട് വാങ്ങേണ്ടതാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ലിങ്കുകള്‍ എന്നിവ വഴി വില്പനയില്ല.

Scroll to Top