കുസൃതി ചോദ്യങ്ങളുമായി കുഞ്ചത്തൂര്‍ ജി.വി.എച്ച്.എസ്.എസ്സിലെ കുട്ടികള്‍;ഹൃദ്യമായി നമസ്തേ കളക്ടര്‍

തൃശ്ശൂരുകാര്‍ ഇപ്പോഴും ഞങ്ങളുടെ കളക്ടര്‍ എന്നാണല്ലോ പറയാറ്… തൃശ്ശൂരുകാര്‍ ഇഷ്ടപ്പെട്ടത് പോലെ കാസര്‍കോട്ട് കാരും ഇഷ്ടപ്പെടാന്‍ ജില്ലയ്ക്ക് വേണ്ടി താങ്കള്‍ എന്തൊക്കെ ചെയ്യും? ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനോട് കുട്ടികളുടെ ചോദ്യം. കുഞ്ചത്തൂര്‍ ജി വി എച്ച് എസ് എസിലെ കുട്ടികളാണ് നമസ്തേ കളക്ടര്‍ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് കളക്ടറോട് കുസൃതി ചോദ്യങ്ങള്‍ ചോദിച്ചത്. ഓരോ ജില്ലയ്ക്കും ഓരോ ആവശ്യകതയാണെന്നും ജില്ലയുടെ ആവശ്യകതകള്‍ അറിഞ്ഞു പ്രവര്‍ത്തിച്ച്, ആവശ്യമായ സൗകര്യവും വികസനവും നല്‍കുന്നതിലാണ് കളക്ടറുടെ വിജയം എന്നും കളക്ടര്‍ മറുപടി നല്‍കി.തൃശ്ശൂരിനെ അപേക്ഷിച്ച് കാസര്‍കോട് വികസനത്തില്‍ ഇനിയും മെച്ചപ്പെടാനുണ്ട്. ടൂറിസം, ആരോഗ്യം വിദ്യാഭ്യാസം മേഖലകളില്‍ ഇപ്പോള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഭാവിയില്‍ ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകും എന്നും കളക്ടര്‍ പറഞ്ഞു. ാസര്‍കോടിന്റെ വികസനത്തിന് കുട്ടികള്‍ക്ക് എന്ത് ചെയ്യാനാകും എന്ന ചോദ്യത്തിന് നിലവില്‍ കാസര്‍കോട്ടെ സര്‍ക്കാര്‍ ജീവനക്കാരില്‍ 40% ത്തില്‍ കൂടുതല്‍ ഇതര ജില്ലകളില്‍ നിന്നുമുള്ളവര്‍ ആണെന്നും ഇത് പരിഹരിക്കാന്‍ പഠിച്ചു മിടുക്കരായി ജില്ലയിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് കയറണമെന്നും കളക്ടര്‍ വിദ്യാര്‍ഥികളോട് നിര്‍ദ്ദേശിച്ചു. സ്‌കൂളുകളില്‍ മാറിമാറി അധ്യാപകര്‍ വരുന്നു എന്ന പ്രശ്നവും കുട്ടികള്‍ ഉന്നയിച്ചു. പാദേശിക അധ്യാപകരില്ലാത്തതാണ് ഇതിന്റെ മുഖ്യകാരണം എന്നും ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ പഠിച്ചു മിടുക്കരായി ഇവിടെ തന്നെ ജോലിക്ക് കയറണമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയിലുള്ളവര്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മംഗലാപുരത്തെ ആശുപത്രികളെ ആശ്രയിക്കുന്നുവെന്ന് കുട്ടികള്‍ പറഞ്ഞപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയുടെയും മെഡിക്കല്‍ കോളേജിന്റെയും വികസന പ്രവര്‍ത്തനങ്ങളും പരിഷ്‌കരണങ്ങളും ഭാവിയില്‍ ബുദ്ധിമുട്ട് പരിഹരിക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി. ഐ.എ.എസ് പരീക്ഷയുടെ ഇന്റര്‍വ്യൂവിന് ട്രിക്കി ചോദ്യങ്ങള്‍ ചോദിച്ചിരുന്നോ എന്ന് കളക്ടറോട് കുട്ടികള്‍ ആരാഞ്ഞപ്പോള്‍ 25 -30 മിനിറ്റോളം നീണ്ടുനിന്ന ഇന്റര്‍വ്യൂവില്‍ യാതൊരു ട്രിക്കി ചോദ്യങ്ങളും നേരിടേണ്ടി വന്നില്ലെന്നും പ്രധാനമായും ഹോബിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും മനോഭാവവും മാനസിക ശേഷിയും അളക്കുന്ന ചോദ്യങ്ങളുമാണ് ചോദിച്ചതെന്നും കളക്ടര്‍ മറുപടി നല്‍കി.

ഐ.എ.എസ് പരീക്ഷയ്ക്ക് എങ്ങനെ തയ്യാറാകണമെന്ന ചോദ്യത്തിന് ഓരോ വ്യക്തിയുടെയും തയ്യാറെടുക്കല്‍ ശൈലിക്ക് വ്യത്യാസമുണ്ടെന്നും സോഫ്‌റ്റ്വെയര്‍ മേഖലയില്‍ രണ്ടുവര്‍ഷം ജോലി ചെയ്തതിനുശേഷം ആണ് ഐഎഎസ് തയ്യാറെടുപ്പ് നടത്തിയതെന്നും കളക്ടര്‍ പറഞ്ഞു. പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങള്‍ കളക്ടര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. സര്‍വീസില്‍ സംതൃപ്തി നല്‍കിയ നിമിഷങ്ങളെപ്പറ്റി കുട്ടികള്‍ കളക്ടറോട് ചോദിച്ചു.ഇടുക്കിയില്‍ കുറച്ചുനാള്‍ ജോലിയില്‍ ഇരിക്കെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന്റെ അംഗീകാരത്തിനായി നടത്തിയ പരിശ്രമങ്ങളും വയനാട് ജോലി ചെയ്യവേ വയനാട് ടൗണ്‍ഷിപ്പിന്റെ വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളും ഏറെ സംതൃപ്തി നല്‍കുന്നുണ്ടെന്ന് കളക്ടര്‍ മറുപടി നല്‍കി.സ്്കൂളിന് സമീപമുള്ള റോഡില്‍ സീബ്രാലൈനും സൈന്‍ ബോര്‍ഡുകളും ഇല്ലാത്തതുമായി ബന്ധപ്പെട്ട് കുട്ടികള്‍ ഉന്നയിച്ച വിഷയത്തില്‍ അടിയന്തര നടപടി എടുക്കാമെന്നും, സ്‌കൂളിലെ ലൈബ്രറി റൂമില്‍ വൈദ്യുതി ഇല്ലാത്തതും സ്‌കൂളിന് നല്ല ഊണുമുറി ഇല്ലാത്തതും പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി. കുഞ്ചത്തൂര്‍ ജി.വി.എച്ച്.എസ്.എസിലെ 15 കുട്ടികളും അഞ്ച് അധ്യാപകരും ആണ് നമസ്തേ കളക്ടറില്‍ പങ്കെടുത്തത്.പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ ശിശുപാലന്‍ കളക്ടറെ കുറിച്ച് രചിച്ച കവിത സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് മിഥിലാജ് കളക്ടറെ ആലപിച്ച് കേള്‍പ്പിച്ചു. ജില്ലാ ഭരണകൂടവും കുട്ടികളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് നമസ്തേ കളക്ടര്‍. നമസ്തേ കളക്ടറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് dcipksd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം.

Scroll to Top