ഇംഗ്ലീഷിന് ആത്മവിശ്വാസത്തിന്റെ ചിറക് വിരിച്ച് ‘റീഡേഴ്സ് ബൂസ്റ്റര്‍’

ബങ്കര മഞ്ചേശ്വരം സ്‌കൂളില്‍ സവിശേഷ ഭാഷാപരിപോഷണ പദ്ധതിക്ക് തുടക്കം
മഞ്ചേശ്വരം: കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപഠനം ക്ലാസ് മുറികള്‍ക്കപ്പുറം അനുഭവങ്ങളുടെ ലോകത്തേക്ക് ഉയര്‍ത്താനുള്ള ശ്രദ്ധേയമായ ചുവടുവയ്പായി ബങ്കര മഞ്ചേശ്വരം സ്‌കൂളില്‍ ഒരു മാസം നീളുന്ന സവിശേഷ ഇംഗ്ലീഷ് ഭാഷാപരിപോഷണ പരിപാടിക്ക് തുടക്കമായി. വായന, ആശയഗ്രഹണം, സംസാരശേഷി, എഴുത്ത് എന്നീ ഭാഷാനൈപുണികള്‍ സമഗ്രമായി വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പരിപാടിയുടെ ഉദ്ഘാടനം മഞ്ചേശ്വരം എ.ഇ.ഒ. നാരായണ ഡി. നിര്‍വഹിച്ചു. ഇംഗ്ലീഷ് പഠനം ഭയത്തിന്റെ വിഷയമല്ല, ആത്മവിശ്വാസത്തിന്റെ ഭാഷയാകണമെന്ന സന്ദേശമാണ് കുട്ടികള്‍ക്ക് കൈമാറേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ‘Readers’ Booster’ എന്ന പേരില്‍ തയ്യാറാക്കിയ പ്രത്യേക വര്‍ക്ക്ഷീറ്റ് പുസ്തകങ്ങള്‍ വിജയ റൂറല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെയും ബാങ്ക് ഓഫ് ബറോഡയുടെയും സഹകരണത്തോടെ എല്‍.പി. വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്തു. വിജയ റൂറല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജ്യോതിരാജ് മുഖ്യാതിഥിയായി.
പി.ടി.എ. പ്രസിഡന്റ് അഷറഫ് ബി.എം. അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എ.ഇ.ഒ. നാരായണ ഡി.യെയും മഞ്ചേശ്വരം ബി.പി.സി. പി. രാജഗോപാലനെയും ആദരിച്ചു.
വാര്‍ഡ് അംഗം ടി. സാദിഖ്,എം.പി.ടി.എ. താഹിറ അധ്യാപകരായ രഞ്ജിതകുമാരി, റ്റി റ്റു ബെഞ്ചമിന്‍, മമത കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് ഗ്രീഷ്മ കെ. എന്‍. സ്വാഗതവും ഗൗതമി എം. നന്ദിയും രേഖപ്പെടുത്തി.
വിദ്യാര്‍ഥികളില്‍ ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യവും ആശയവിനിമയശേഷിയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ സംരംഭം പൊതുവിദ്യാഭ്യാസ മേഖലയിലെ മാതൃകാപരമായ അക്കാദമിക ഇടപെടലായി വിലയിരുത്തപ്പെടുന്നു.

Scroll to Top