Home Kasaragod കാസര്‍കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് നഗരം ഒരുങ്ങുന്നു

കാസര്‍കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് നഗരം ഒരുങ്ങുന്നു

by KCN CHANNEL
0 comment

കാസര്‍കോട്: കാസര്‍കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനു (കെ ലിറ്റ്) നഗരം ഒരുങ്ങുന്നു. ഏപ്രില്‍ അവസാന വാരത്തില്‍ പുലിക്കുന്നിലാണ് കെ ലിറ്റ് അരങ്ങേറുകയെന്ന് സംഘാടകര്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസില്‍ സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങില്‍ വ്യക്തമാക്കി. വൈവിധ്യങ്ങളുടെ കലവറ എന്ന പേരില്‍ അരങ്ങേറുന്ന ഫെസ്റ്റിവലില്‍ കാസര്‍കോടിന്റെ വിവിധങ്ങളായ സംസ്‌കാരങ്ങളുടെ കലവറ തുറക്കപ്പെടും. സാഹിത്യ ചര്‍ച്ചകള്‍ക്ക് പുറമെ സിനിമ, നാടകം, ഭക്ഷണം, ആരോഗ്യം, ഡിജിറ്റല്‍ മേഖല, ഓട്ടോ മൊബൈല്‍ തുടങ്ങിയ വിവിധയിനങ്ങളില്‍ സംവാദങ്ങളുണ്ടാവും.
ഇത്തരമൊരു ഫെസ്റ്റിവല്‍ കാസര്‍കോട് ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവായി ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ അടക്കമുള്ളവരുടെ നിറഞ്ഞ സാന്നിധ്യം. 51 വര്‍ഷം മുമ്പ്, 1974 ഫെബ്രുവരിയില്‍ കാസര്‍കോട്ട് നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഐതിഹാസികമായ സമ്മേളനത്തെ സ്മരിച്ചുകൊണ്ടാണ് ചടങ്ങില്‍ സംസാരിച്ച പലരും കെ ലിറ്റിനെ സ്വാഗതം ചെയ്തത്. ഉത്തരദേശം ദിനപത്രം കെ ലിറ്റിന്റെ മീഡിയാ പാര്‍ട്ണറാണ്.
ലോഗോ പ്രകാശനം നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വഹിച്ചു. ഫെസ്റ്റിവലിന് നഗരസഭയുടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
റഹ്‌മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ഹരീഷ് പന്തക്കല്‍ ആമുഖഭാഷണം നടത്തി. മധൂര്‍ ഷെരീഫ് സ്വാഗതം പറഞ്ഞു. സന്തോഷ് സക്കറിയ കെ ലിറ്റിനെ കുറിച്ച് വിവരിച്ചു. നഗരസഭാംഗങ്ങളായ കെ.എം ഹനീഫ്, വിമല ശ്രീധരന്‍, ഉത്തരദേശം കണ്‍സല്‍റ്റിങ്ങ് എഡിറ്റര്‍ കെ. ബാലകൃഷ്ണന്‍, ടി.എ ഷാഫി, കാസര്‍കോട് ചിന്ന, എ.എസ് മുഹമ്മദ്കുഞ്ഞി, അബു ത്വാഇ, മുജീബ് അഹ്‌മദ്, പി. ദാമോദരന്‍, എ.കെ ശ്യാംപ്രസാദ്, അഷ്റഫലി ചേരങ്കൈ, കെ.എം അബ്ബാസ്, ടി.വി ഗംഗാധരന്‍, സുബിന്‍ ജോസ് പ്രസംഗിച്ചു.
പി.ഇ.എ റഹ്‌മാന്‍ പാണത്തൂര്‍ നന്ദി പറഞ്ഞു.

കെ ലിറ്റ് കാസര്‍കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വഹിക്കുന്നു

You may also like

Leave a Comment