ന്യൂഡല്‍ഹി: ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശവുമായി ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ). അപകടം സംഭവിച്ചെന്ന സന്ദേശം ലഭിച്ച് പത്ത് മിനിറ്റിനുള്ളില്‍ ആംബുലന്‍സ് സംഭവസ്ഥലത്ത് എത്തണമെന്നാണ് നിര്‍ദേശം. പത്ത് കിലോമിറ്റര്‍ ദൂരപരിധിയിലുള്ള ആംബുലന്‍സ് അപകടസ്ഥലത്ത് പത്ത് മിനിട്ട് സമയം കൊണ്ട് എത്തിച്ചേരണമെന്ന കര്‍ശന നിര്‍ദേശമാണ് NHAI നല്‍കിയത്. നിദേശങ്ങള്‍ ലംഘിച്ചാല്‍ 10,000 രൂപ പിഴ ഈടാക്കുമെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി. മാത്രമല്ല, അപകടസ്ഥലത്ത് എത്തിയ ആംബുലന്‍സ് ഒരു മണിക്കൂറിനുള്ളില്‍ അപകടത്തില്‍പ്പെട്ടവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണമെന്ന് എന്‍എച്ച്എഐയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടാലും 10,000 പിഴ ഈടാക്കും.
ആംബുലന്‍സുകള്‍, ക്രെയിനുകള്‍, പട്രോളിംഗ് വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഓണ്‍-റോഡ് യൂണിറ്റുകളുടെ ഉപയോഗം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാണ് എന്‍എച്ച്എഐ പുതിയ നിര്‍ദേശങ്ങള്‍ ഇറക്കിയത്. എന്‍എച്ച്എഐക്ക് കീഴില്‍
ഏകദേശം 50,000 കിലോമീറ്റര്‍ ഹൈവേകളിലായി ഏകദേശം 3,000 ആംബുലന്‍സുകളും 1,000 പട്രോളിംഗ് വാഹനങ്ങളും ക്രെയിനുകളുമുണ്ട്.
അപകടങ്ങള്‍ ഉണ്ടായാല്‍ പ്രതികരണ സമയത്തിലെ കാലതാമസം കണക്കിലെടുത്ത് സുപ്രീം കോടതിയും റോഡ് സുരക്ഷ കമ്മിറ്റിയും സിഎജിയും മുന്നോട്ട് വെച്ച പ്രത്യേക റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് എന്‍എച്ച്എഐ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയത്. അതിനാല്‍, പൊതുജനാരോഗ്യവും സുരക്ഷയും സംബന്ധിച്ച സര്‍ക്കുലറില്‍ പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ പ്രോജക്ട് ഡയറക്ടര്‍മാരോടും റീജിയണല്‍ ഓഫീസര്‍മാരോടും എന്‍എച്ച്എഐ നിര്‍ദേശിച്ചു.




