വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. സര്‍വേയിലൂടെ ലഭിച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ച ശേഷമാകും മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സെപ്റ്റംബറില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ സര്‍വേയില്‍ 17,000 പേരുടെ നിര്‍ദേശങ്ങള്‍ ലഭിച്ചു. ഗൂഗിള്‍ ഫോമിലൂടെ ആണ് മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചത്. രണ്ടാഴ്ചക്കകം ഇതിന്റെ പരിശോധന പൂര്‍ത്തിയാവും. കേന്ദ്രം നയം വ്യക്തമാക്കിയതിനാല്‍ കൂടുതല്‍ മോഡിഫിക്കേഷനുകള്‍ അനുവദിക്കാന്‍ സാധ്യതയില്ല.
ജൂണ്‍ മാസം മോട്ടോര്‍ വാഹന വകുപ്പ് പുറത്തുവിട്ട പട്ടികയില്‍ അനുമതിയില്ലാതെ ചെയ്യാവുന്ന 18 മോഡിഫിക്കേഷനുകളും അനുമതിയോടെ ചെയ്യാവുന്ന ആറു മോഡിഫിക്കേഷനുകളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതിലെ ഭൂരിഭാഗം മോഡിഫിക്കേഷനുകളും മുമ്പേ ഉള്ളതാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പൊതുജനാഭിപ്രായം തേടാനായി സര്‍വേ ആരംഭിച്ചത്. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് ഏഴുവരെയാണ് സര്‍വേ നടന്നത്. സര്‍വേയില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.
അതേസമയം വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക് ഷോപ്പുകളിലോ സര്‍വീസ് സ്റ്റേഷനുകളിലോ നടത്താം. രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ് അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. മാറ്റങ്ങള്‍ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തണമെന്നതാണ് വ്യവസ്ഥയെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി സഭയില്‍ അറിയിച്ചിരുന്നു.
മുണ്ടുമുറുക്കാനൊരുങ്ങി കേരളം; ആദ്യ നാല് മാസത്തില്‍ തന്നെ റവന്യൂ കമ്മി പകുതിയോളം! വരവിലുമധികം ചെലവ്
അധികാരത്തിലെത്തിയാല്‍ വാഹനങ്ങളില്‍ അപകടകരമല്ലാത്ത മോഡിഫിക്കേഷനുകള്‍ക്ക് അനുമതി നല്‍കുമെന്ന വി ഡി സതീശന്റെ പ്രഖ്യാപനം യുവാക്കളും വാഹനപ്രേമികളും ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി വി ഡി സതീശന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, വാഹന മോഡിഫിക്കേഷന്‍ എപ്പോള്‍ അനുവദിക്കുമെന്ന ചോദ്യത്തിന് പറഞ്ഞതൊക്കെ ചെയ്യുമെന്ന സതീശന്റെ മറുപടിയും ഒപ്പം അദ്ദേഹം മുഖത്ത് വരുത്തിയ ഭാവവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ‘പൂക്കി മുഖ്യമന്ത്രി’ എന്ന വിളിപ്പേരും മുഖ്യമന്ത്രി വി ഡി സതീശന് സോഷ്യല്‍ മീഡിയ നല്‍കിയിരുന്നു.




