ഡല്‍ഹി: സെന്‍സസിനുള്ള ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ആകെ 40 ചോദ്യങ്ങളാണ് ഉള്ളത്. രാജ്യത്ത് ആദ്യമായി സെന്‍സസില്‍ ജാതിവിവരങ്ങള്‍ ശേഖരിക്കും. കോവിഡ് വാക്‌സിനേഷന്‍ എടുത്ത സ്ഥലം, ബാങ്ക് അക്കൗണ്ടുകള്‍, ഡിജിറ്റല്‍ സാക്ഷരത എന്നിവയും ചോദ്യാവലിയില്‍ ഉള്‍പ്പെടുന്നു. ആധാര്‍, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങളും ശേഖരിക്കും.
സ്വാതന്ത്ര്യം ലഭിച്ച ശേഷം നടക്കുന്ന എട്ടാം ജനസംഖ്യാ കണക്കെടുപ്പിനാണ് നാളെ മുതല്‍ തുടക്കം കുറിക്കുന്നത്. സെന്‍സസ് വിവരശേഖരണത്തിനായി 61282 എന്യൂമറേറ്റര്‍മാരെയും 10189 സൂപ്പര്‍ വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ ഭവനം, സൗകര്യങ്ങള്‍, ജനസംഖ്യാശാസ്ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഗ്രാമ, പട്ടണ, വാര്‍ഡ് തല ഡാറ്റ നല്‍കുകയും ചെയ്യുന്നു. 1948 ലെ സെന്‍സസ് നിയമവും 1990 ലെ സെന്‍സസ് നിയമങ്ങളും അനുസരിച്ചാണ് ഈ പ്രക്രിയ നിയന്ത്രിക്കുന്നത്.
2027 മാര്‍ച്ച് 1, ആണ് സെന്‍സസിന്റ റഫറന്‍സ് തിയ്യതി. ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍2026 ഒക്ടോബര്‍ 1 ആണ് റഫറന്‍സ് തിയ്യതി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 2027 മാര്‍ച്ച് 1ന് ആരംഭിക്കും. ലഡാക്കിലും ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലും ഓഗസ്റ്റ് 17ന് ആരംഭിക്കുന്ന സെന്‍സസിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായാണ് ചോദ്യങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.




