സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകല്‍ സമരം കടുപ്പിച്ച് ആശാ വര്‍ക്കേഴ്‌സ്. മുടി മുറിച്ചാണ് ആശമാരുടെ സമരം. സമര വേദിക്ക് മുന്നില്‍ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. സര്‍ക്കാരിനെതിരെ മുദ്രവാക്യം വിളിച്ചാണ് ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിച്ച്ത്. ഒരാള്‍ തലമുണ്ഡനം ചെയ്തു. സമരം അമ്പതാം ദിനത്തിലേക്ക് കടന്നതോടെയാണ് സമരമാര്‍?ഗം ആശമാര്‍ കടുപ്പിച്ചത്.
കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക, ഇന്‍സെന്‍ടീവിലെ വ്യവസ്ഥകള്‍ ഒഴിവാക്കുക തുടങ്ങിയതായിരുന്നു ആവശ്യങ്ങള്‍. ഭൂരിപക്ഷം വരുന്ന ആശമാരും ഭരണാനുകൂല സംഘടനയില്‍പ്പെട്ടവര്‍. ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ നേതാക്കള്‍ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. സമരം പൊളിക്കാന്‍ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല.
ആശമാര്‍ കേന്ദ്രസ്‌കീമിലെ ജീവനക്കാര്‍ ആണെന്നും ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. കേന്ദ്രവും സംസ്ഥാനവും പരസ്പരം വിരല്‍ചൂണ്ടുമ്പോഴും സമരം ചെയ്തവരുടെ ആവശ്യം മാത്രം ആരും ഗൗനിച്ചില്ല. സെക്രട്ടേറിയേറ്റ് ഉപരോധം, നിരാഹാര സമരം അങ്ങനെ മുറകള്‍ ആശമാര്‍ മാറ്റി മാറ്റി പരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് മുടി മുറിച്ചും പ്രതിഷേധിക്കാന്‍ ആശമാര്‍ തീരുമാനിച്ചത്.
മുടി മുറിച്ച് പ്രതിഷേധിച്ച് ആശാ വര്‍ക്കേഴ്‌സ്; സമരം കടുപ്പിച്ച് ആശമാര്‍