മാവേലിയും പുലികളും നിറഞ്ഞാടി; നാടിനെ ഇളക്കിമറിച്ച് ചൂരിക്കാടന്‍ ഓണം

തൃക്കരിപ്പൂര്‍: മൈത്താണി ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല & ഗ്രന്ഥാലയം ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ നാടിന്റെ ഉത്സവമായി മാറി. വൈവിധ്യമാര്‍ന്ന കലാ-കായിക മത്സരങ്ങളും നാടന്‍ വേഷങ്ങളിലുള്ള മാവേലിയുടെയും വാമനന്റെയും പുലികളുടെയും കരടിയുടെയും വരവും ആഘോഷത്തിന് വേറിട്ട നിറം പകര്‍ന്നു.
ഉത്രാട ദിനത്തില്‍ വൈക്കത്ത്‌മൈത്താണി പ്രദേശങ്ങളില്‍ മാവേലിയും വാമനനും പുലികളും കരടിയും അണിനിരന്ന് ഓണത്തെ വരവേറ്റത് നാട്ടുകാര്‍ക്ക് ആവേശമായി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കാളികളായതോടെ പ്രദേശമാകെ ഉത്സവാന്തരീക്ഷത്തിലായി. ഓണാഘോഷ മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത സിനിമാതാരം മനോജ് കെ. യു. നിര്‍വഹിച്ചു.
തിരുവോണ ദിനത്തില്‍ നടന്ന പൂക്കള മത്സരത്തില്‍ അമ്പതോളം വീടുകള്‍ പങ്കെടുത്തു. വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന പൂക്കള മത്സരം നാടിന്റെ ഓണപ്പൊലിമ വര്‍ധിപ്പിച്ചു. യുവതികളുടെ കഴിവുകളും സാമൂഹിക ബോധവും വാക്ചാതുര്യവും വ്യക്തിത്വവും ജീവിത കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാന്‍ അവസരമൊരുക്കിയ ഓണസുന്ദരി മത്സരം ഏറെ ശ്രദ്ധേയമായി. മത്സരാര്‍ത്ഥികളുടെ ആത്മവിശ്വാസവും അവതരണ മികവും നിറഞ്ഞ വേദി കാണികള്‍ക്കും ആവേശമായി.
സ്ത്രീ-പുരുഷ കബഡി മത്സരം കാണികള്‍ക്ക് ആവേശം പകര്‍ന്നു. സ്‌ട്രോ റൈസ്, ഗ്ലാസ് റൈസ്, ഗ്ലാസ് ബാലന്‍സിങ് തുടങ്ങിയ രസകരമായ മത്സരങ്ങളും അരങ്ങേറി. ചാക്ക് റേസ്, ഹാറ്റ് പാസിങ്, താറാവ് പിടുത്തം, ഓണക്ക്വിസ്, റിങ് ഷൂട്ട്ഔട്ട്, മ്യൂസിക്കല്‍ ചെയര്‍ തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുക്കിയ നിരവധി മത്സരങ്ങള്‍ ഓണാഘോഷത്തിന് മാറ്റുകൂട്ടി.
ഓണപ്പൊലിമ കൂട്ടായ്മ ഗ്രന്ഥശാലാ പ്രസിഡണ്ട് ടി. തമ്പാന്‍ അധ്യക്ഷത വഹിച്ചു. പ്രഭേഷ് വൈക്കത്ത് ഓണസുന്ദരി മത്സരത്തിന് ആങ്കറിങ് നിര്‍വഹിച്ചു. പൂജ പി.വി., സബ്ന സജിത്ത് എന്നിവര്‍ വിധികര്‍ത്താക്കളായി. ഗ്രന്ഥശാല താലൂക്ക് കൗണ്‍സില്‍ അംഗം സി. സന്തോഷ് കുമാര്‍, പി. സദാനന്ദന്‍, സി.പി.ഐ. തൃക്കരിപ്പൂര്‍ ലോക്കല്‍ സെക്രട്ടറി എം.പി. ബിജീഷ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് വി.എം. മധുസൂദനന്‍, ജോയിന്റ് സെക്രട്ടറി കെ.വി. രാമകൃഷ്ണന്‍, യുവത കണ്‍വീനര്‍ ബിനേഷ് വിത്തന്‍, ജിത്തു പി., ശോഭിത, മഹേഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലന്‍ സ്വാഗതവും ലൈബ്രേറിയന്‍ നന്ദന പി.കെ. നന്ദിയും പറഞ്ഞു.
നാടിന്റെ വിവിധ തലമുറകളെ ഒരുമിച്ച് അണിനിരത്തി ഓണത്തിന്റെ സാഹോദര്യവും കൂട്ടായ്മയും ആഘോഷമാക്കിയ ചൂരിക്കാടന്‍ ഓണാഘോഷം ഇത്തവണയും നാട്ടുകാരുടെ മനസ്സില്‍ മായാത്ത ഓര്‍മ്മയായി മാറി.

Scroll to Top