തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്തിനെ പ്രതി ചേര്‍ത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തി. പേട്ട പൊലീസിന്റേതാണ് നടപടി. സുകാന്തിനെതിരെ ഗുരുതര ആരോപണവുമായി ഐബി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
മകളെ ആത്മഹത്യയിലേക്ക് നയിച്ചത് സുകാന്താണെന്നായിരുന്നു ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പറഞ്ഞത്. മകള്‍ ലൈംഗിക, സാമ്പത്തിക ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. മരിക്കുന്ന സമയത്ത് മകളുടെ അക്കൗണ്ടില്‍ 1000 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശമ്പളം അടക്കം മകള്‍ സുകാന്തിന് അയച്ചു നല്‍കിയിരുന്നു. രാജസ്ഥാനിലെ പരിശീലന ക്ലാസ്സില്‍ മകള്‍ക്കൊപ്പം സുകാന്തും ഉണ്ടായിരുന്നു. 2024 മെയിലാണ് ചെറിയ തുക ആദ്യം മകളുടെ അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തത്. 2024 ഒക്ടോബര്‍ മുതല്‍ മുഴുവന്‍ ശമ്പളത്തുകയും അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്ത് തുടങ്ങിയെന്നും പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ സുകാന്തിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടി സുകാന്ത് ഹൈക്കോടതിയെ സമീപിച്ചു.
കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പങ്കില്ലെന്നുമായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുകാന്ത് പറഞ്ഞത്.
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെ പ്രതി ചേര്‍ത്തു; ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തി
27