തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്രമസമാധാനം ഉറപ്പുവരുത്താന്‍ സംസ്ഥാന പൊലീസ് മേധാവിയും ജില്ലാ കളക്ടറും നടപടി എടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.
യുക്തിപരമായ തീരുമാനത്തില്‍ അന്വേഷണം എത്തിച്ചേരണമെന്നും ഈ വര്‍ഷത്തെ പൂരം ശരിയായി നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചും കൃത്യമായ വ്യവസ്ഥകളോടെയുമാകണം പൂരം നടത്തിപ്പ്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നവരെ നിയമപരമായിത്തന്നെ നേരിടണം. ക്രമസമാധാനം ഉറപ്പുവരുത്താന്‍ സംസ്ഥാന പോലീസ് മേഥാവിയുടെ മേല്‍നോട്ടം വേണം. പൊലീസിനെ കൃത്യമായി വിന്യസിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഡി.ജി.പിയ്ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ജില്ലാ കളക്ടറും എസ് പി യും കാര്യങ്ങള്‍ ഏകോപിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടം നിയമോപദേശം തേടിയിട്ടുണ്ട്. വെടിക്കെട്ട് പുരയും ഫയര്‍ ലൈനും തമ്മില്‍ 200 മീറ്റര്‍ അകലമാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര ഒഴിച്ചിട്ട്, 200 മീറ്ററെന്ന ദൂരപരിധി നിബന്ധന മറികടക്കാനാവുമോ എന്നതിലാണ് നിയമോപദേശം തേടിയത്. വെടിക്കെട്ട് പുരയും ഫയര്‍ ലൈനും തമ്മിലുള്ള അകലം 200 മീറ്ററാക്കിക്കൊണ്ട് തൃശൂരിലില്‍ വെടിക്കെട്ട് സാധ്യമല്ല. അതിനിടെ തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ദേവസ്വം ഭാരവാഹികളുമായി സുരേഷ് ഗോപി വീണ്ടും ഡല്‍ഹിയിലേക്ക് പോകും.