താമരശ്ശേരി പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് വധക്കേസില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയെങ്കിലും വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ജുവനൈല്‍ ഹോമില്‍ കഴിയുന്ന ആറു പേരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ളത്. ജാമ്യം നല്‍കരുതെന്നും പ്രായപൂര്‍ത്തിയാകാത്ത കാര്യം കേസില്‍ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. വിദ്യാര്‍ഥികളുടെ സമൂഹ മാധ്യമത്തിലെ ചാറ്റുകള്‍ ഇതിന് തെളിവാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ കുട്ടികള്‍ സാക്ഷികളെ സ്വാധീനിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് പ്രതികളായ കുട്ടികളുടെ രക്ഷിതാക്കള്‍ അഭ്യര്‍ഥിച്ചിരുന്നു. ഒരു മാസത്തിലധികമായി ജുവനൈല്‍ ഹോമില്‍ കഴിയുകയാണ്. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഫെബ്രുവരി 28 നായിരുന്നു താമരശ്ശേരിയില്‍ ട്യൂഷന്‍ ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മാര്‍ച്ച് 1ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചു