Home Kerala മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; മുടങ്ങിയ വാടകതുക അടിയന്തരമായി ലഭ്യമാക്കും: മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; മുടങ്ങിയ വാടകതുക അടിയന്തരമായി ലഭ്യമാക്കും: മുഖ്യമന്ത്രി

by KCN CHANNEL
0 comment

ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികള്‍ നല്‍കുന്നതിന് സമയക്രമം നിശ്ചയിച്ചു നല്‍കി

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ താമസത്തിനുള്ള മാസ വാടക തുക അടിയന്തരമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികള്‍ നല്‍കുന്നതിന് സമയക്രമം നിശ്ചയിച്ചു നല്‍കി. അനുമതിയോടെ വേണ്ട മരങ്ങള്‍ മുറിച്ചു മാറ്റുക, വൈദ്യുത വിതരണ സംവിധാനങ്ങള്‍ പുനക്രമീകരിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സാമ്പത്തിക സഹായം, അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കുക, ഉദ്യോഗസ്ഥരുടെ വിന്യാസം എന്നിവയില്‍ നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ പങ്കെടുത്തു.

പ്രതിമാസ വാടക മുടങ്ങിയതില്‍ ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിക്കാന്‍ മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിതര്‍ തീരുമാനിച്ചിട്ടുണ്ട്. കല്‍പ്പറ്റയില്‍ ഭിക്ഷ യാചിച്ചുള്ള പ്രതിഷേധം സംഘടിപ്പിക്കാനാണ് ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.

You may also like

Leave a Comment