ഇറാനുമായുള്ള ഞങ്ങളുടെ സാമ്പത്തിക സഹകരണത്തില്‍ അമേരിക്ക ഇടപെടേണ്ട കാര്യമില്ല; വിയോജിപ്പ് അറിയിച്ച് ചൈന

ബീജിങ്: ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള അമേരിക്കയുടെ ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റിനെതിരെ ചൈന. ഇറാനുമായുള്ള തങ്ങളുടെ സഹകരണത്തില്‍ അമേരിക്ക ഇടപെടരുത് എന്ന മുന്നറിയിപ്പുമായാണ് ചൈന രംഗത്തെത്തിയത്. ഇറാനെ സഹായിക്കുന്ന രാഷ്ട്രങ്ങളെ യു എസ് ഡോളര്‍ വ്യവസ്ഥയില്‍ നിന്നും പുറത്താക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റിലൂടെ ഇറാനുമായി ബന്ധമുള്ള അറുപതിലധികം സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയുടെ നടപടിക്കെതിരെ മുന്നറിയിപ്പുമായി ചൈന രം?ഗത്തെത്തിയത്. ഇറാനുമായുള്ള തങ്ങളുടെ സഹകരണത്തില്‍ അമേരിക്ക ഇടപെടരുതെന്നും സഹകരണത്തിന്റെ പേരില്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അമേരിക്കക്ക് തക്ക തിരിച്ചടി നല്‍കുമെന്നുമാണ് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പുതിയ ഉപരോധങ്ങളുടെ ഭാഗമായി പട്ടികയില്‍ ചൈനീസ് കമ്പനികളെ ഉള്‍പ്പെടുത്തരുതെന്നും സാമ്പത്തിക യുദ്ധനയം, പ്രശ്നങ്ങള്‍ പരിഹരിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറാനുമായുള്ള ചൈനയുടെ സാമ്പത്തിക, വ്യാപാര സഹകരണം രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണെന്നും അതിന് അമേരിക്ക തടസം നില്‍ക്കരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റിലൂടെ ഡിജിറ്റല്‍ ആസ്തി, സാങ്കേതികവിദ്യ, സ്വര്‍ണം, വ്യോമയാനം, ഷിപ്പിങ് തുടങ്ങിയ അഞ്ച് സുപ്രധാന മേഖലകളിലുള്ള ഉപരോധമാണ് അമേരിക്ക ലക്ഷ്യം വയ്ക്കുന്നത്. അമേരിക്കയുടെ ഭീഷണികളെ ഇറാന്റ വ്യാപാര പങ്കാളികള്‍ ഗൗരവമായി കണക്കാക്കുന്നില്ലെന്നാണ് വിഷയത്തില്‍ ഇറാന്റെ നിലപാട്

Scroll to Top