അജ്മാന്‍: ഒദോത്ത് ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്ര യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഓണം വരവായി 2026’ അജ്മാനിലെ മൈ ഫ്‌ലവര്‍ റെസ്റ്റോറന്റില്‍ ആഗസ്റ്റ് 23ന് വര്‍ണ്ണാഭമായ പരിപാടികളോടെ നടന്നു.
കൂട്ടായ്മയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും സന്ദേശമുയര്‍ത്തിയ ആഘോഷം കമ്മിറ്റി രക്ഷാധികാരി കെ. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ശ്രീധരന്‍ കെ. സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് മുകേഷ് സി. അധ്യക്ഷത വഹിച്ചു. ഖജാന്‍ജി കിരണ്‍ നന്ദി പ്രകാശിപ്പിച്ചു. രക്ഷാധികാരി അശോകന്‍ സി., വൈസ് പ്രസിഡണ്ട് രഞ്ജിത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി മഹാബലി എഴുന്നള്ളിപ്പ്, പുലികളി, സാംസ്‌കാരിക സമ്മേളനം, ആദരിക്കല്‍ ചടങ്ങ്, ഓണപ്പാട്ട്, തിരുവാതിര, നാടന്‍പാട്ട്, ഒപ്പന, കപ്പിള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, പൂരക്കളി തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.
സംഘടനയുടെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വര്‍ഷങ്ങളായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് മുതിര്‍ന്ന അംഗങ്ങളായ കെ. പുരുഷോത്തമന്‍, സി. വിജയന്‍, കെ. ശ്രീധരന്‍, സി. അശോകന്‍, കെ. നീലകണ്ഠന്‍, കെ. പ്രഭാകരന്‍, സി. അപ്പുക്കുട്ടന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും മലയാളികളുടെ പാരമ്പര്യവും സംസ്‌കാരവും പുതുതലമുറയിലേക്ക് പകരുന്നതിനും കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും ഇത്തരം ആഘോഷങ്ങള്‍ സഹായകമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. അംഗങ്ങളുടെയും കുടുംബങ്ങളുടെയും മികച്ച പങ്കാളിത്തത്തോടെ നടന്ന ‘ഓണം വരവായി 2026’ ആഘോഷം സംഘടനയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമായി മാറി.




