കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് കുടുംബം
കോഴിക്കോട്: താമരശേരി ഷഹബാസ് വധക്കേസില്‍ ആരോപണവിധേയരായ കുട്ടികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യം നല്‍കരുതെന്നും പ്രായപൂര്‍ത്തിയാകാത്ത കാര്യം കേസില്‍ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടു. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. വിദ്യാര്‍ഥികളുടെ സമൂഹ മാധ്യമത്തിലെ ചാറ്റുകള്‍ ഇതിനു തെളിവാണ്. താമരശേരി നിരവധി കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലമാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ കുട്ടികള്‍ സാക്ഷികളെ സ്വാധീനിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് പ്രതികളായ കുട്ടികളുടെ രക്ഷിതാക്കള്‍ അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ഒരു മാസത്തോളമായി ജുവനൈല്‍ ഹോമില്‍ കഴിയുകയാണ് കുട്ടികള്‍. ഇത് അവരുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു. അതേസമയം, കുട്ടികളുടെ രക്ഷിതാക്കളെക്കൂടി പ്രതി ചേര്‍ക്കണമെന്ന് ഷഹബാസിന്റെ പിതാവ് അബ്ദുറഹ്‌മാന്‍ ആവശ്യപ്പെട്ടു. ആറ് വിദ്യാര്‍ഥികളുടെ റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നീട്ടിയിരുന്നു.
ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു.
ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്. ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ത്തുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം. നിവലില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നീട്ടിയിരുന്നു.