തിയ്യ മഹാസഭയുടെ പ്രഥമ ”ആദി ദിവ്യന്‍ പുരസ്‌കാരം” ഡോ. മുകുന്ദിന്

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഹൃദ്രോഗ ചികിത്സാ സേവനത്തിന് ആദരം; ബന്ദിയോട് നടന്ന ചടങ്ങില്‍ തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം പുരസ്‌കാര സമര്‍പ്പണം നടത്തി

കാസര്‍ഗോഡ് : തിയ്യ മഹാസഭ ഏര്‍പ്പെടുത്തിയ പ്രഥമ ”ആദി ദിവ്യന്‍ പുരസ്‌കാരം” ദക്ഷിണേന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനും, Mangalore Heartscan Foundation & Omega Hospital, Mangalore-ലെ ചീഫ് കാര്‍ഡിയോളജിസ്‌റ് വുമായ ഡോ. മുകുന്ദ്, MD, DM-ന് സമര്‍പ്പിച്ചു.

ഹൃദ്രോഗ ചികിത്സാ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി നടത്തിയ സമര്‍പ്പിത സേവനവും ചികിത്സാരംഗത്തെ ശ്രദ്ധേയമായ സംഭാവനകളും സാമൂഹിക പ്രതിബദ്ധതയും പരിഗണിച്ചാണ് പുരസ്‌കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ദക്ഷിണേന്ത്യയില്‍ ആഞ്ചിയോപ്ലാസ്റ്റി, ആഞ്ജിയോഗ്രാം ചികിത്സാരംഗത്ത് ആദ്യകാലത്ത് നിര്‍ണായക ഇടപെടല്‍ നടത്തിയ വിദഗ്ധരില്‍ ഒരാളായ ഡോ. മുകുന്ദ്, ആധുനിക ഹൃദ്രോഗ ചികിത്സയുടെ വളര്‍ച്ചയില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിത്വമാണ്.

ദീര്‍ഘകാല സേവനത്തിനിടെ ലക്ഷക്കണക്കിന് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സാധാരണ ജനങ്ങള്‍ക്കുമായി 1500 ഏറെ പേസ്മക്കര്‍ സൗജന്യമായ നല്‍കിയ വലിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത് ഡോ. മുകുന്ദയായിരുന്നു.നിരവധി സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും ഹൃദ്രോഗ പരിശോധനാ പരിപാടികളും സംഘടിപ്പിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ സേവനത്തിന് കൂടുതല്‍ മാനവിക മാനം നല്‍കുന്നു.

2026 ആഗസ്റ്റ് 28 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ബന്ദിയോട് അട്ക്ക ശ്രീ ഭഗവതി ക്ഷേത്ര സന്നിധിയില്‍ വെച്ച് നടന്ന വിപുലമായ ചടങ്ങിലാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. തിയ്യ മഹാസഭ കേരള സംസ്ഥാന അധ്യക്ഷന്‍ ഗണേഷ് അരമങ്ങാനം അധ്യക്ഷ പ്രസംഗം നടത്തി ഡോ. മുകുന്ദിന് പ്രശസ്തി ഫലകം സമര്‍പ്പിച്ച് ആദരിച്ചു. അട്ക്ക ശ്രീ ഭഗവതി ക്ഷേത്രത്തിലെ മുതിര്‍ന്ന ആചാര സ്ഥാനികനായ കൃഷ്ണന്‍ കാരണവര്‍ അനുഗ്രഹാശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ തിയ്യ മഹാസഭ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് പി. സി. വിശ്വംഭരന്‍ പണിക്കര്‍, അട്ക്ക ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന്മാരായ ദയാനന്ദ വെളിച്ചപ്പാടന്‍, രാജേഷ് വെളിച്ചപ്പാടന്‍, രവീന്ദ്ര വെളിച്ചപ്പാടന്‍, അച്ചുതന്‍ വെളിച്ചപ്പാടന്‍, പാറെ ശ്രീ ഭഗവതി ആലിചാമുണ്ഡി ക്ഷേത്ര സ്ഥാനികന്‍ മനോഹര വെളിച്ചപ്പാടന്‍, പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്ര സ്ഥാനികന്മാരായ മഞ്ജു കാരണവര്‍,ശങ്കരന്‍ വെളിച്ചപ്പാടന്‍, ഉപ്പള ഐവര്‍ ഭഗവതി ക്ഷേത്ര സ്ഥാനികന്മാരായ ഹരീഷ് വെളിച്ചപ്പാടന്‍, രാധാകൃഷ്ണ വെളിച്ചപ്പാടന്‍, രവീന്ദ്ര വെളിച്ചപ്പാടന്‍, രാവണിശ്വരം മുളവന്നൂര്‍ ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ നാരായണന്‍ വെളിച്ചപ്പാടന്‍, മോരാല്‍ ഐവര്‍ ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ മനോജ് വെളിച്ചപ്പാടന്‍, മംഗലാപുരം കുദ്രോളി ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന്മാരായ ചേതന്‍ കര്‍ണവര്‍, ദേവദാസ് വെളിച്ചപ്പാടന്‍ അടുക്കാ ശ്രീ ഭഗവതി ക്ഷേത്ര പ്രസിഡന്റ് കൃഷ്ണന്‍ ബി, സെക്രട്ടറി ജയാനന്ദ, ട്രഷറര്‍ ചരണ്‍രാജ്, പട്ടത്തൂര്‍ ശ്രീ ഭഗവതി ക്ഷേത്ര പ്രസിഡന്റ് ജയരാമ പട്ടത്തൂര്‍, അരിക്കാടി പാറേ ശ്രീ ഭഗവതി അലി ചാമുണ്ഡി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ദീപക് കുമാര്‍ കുമ്പള, തിയ്യ മഹാസഭ കേരള സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഗണേഷ് മാവിനകട്ട, കാസര്‍ഗോഡ് ജില്ലാ ട്രഷറര്‍ ടി. വി. രാഘവന്‍ തിമിരി, ജില്ലാ വൈസ് പ്രസിഡന്റ് രാഘവന്‍ പുത്തിഗെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വിവിധ ക്ഷേത്രങ്ങളുടെ സ്ഥാനികന്മാര്‍, ക്ഷേത്ര ഭാരവാഹികള്‍,ക്ഷേത്ര മാതൃസമിതി ഭാരവാഹികള്‍, തിയ്യ മഹാസഭയുടെ വിവിധ തലങ്ങളിലുള്ള പ്രതിനിധികള്‍, വിവിധ ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും ഭാരവാഹികള്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. നൂറുകണക്കിന് ആളുകളുടെ ജനപങ്കാളിത്തം ചടങ്ങിന് പ്രത്യേക പ്രൗഢി നല്‍കി.

സമൂഹത്തിന് മാതൃകാപരമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളെ കണ്ടെത്തി ആദരിക്കുന്നതിനായി തിയ്യ മഹാസഭ ഏര്‍പ്പെടുത്തിയ ”ആദി ദിവ്യന്‍ പുരസ്‌കാരത്തിന്റെ” പ്രഥമ ജേതാവായി ഡോ. മുകുന്ദിനെ ആദരിച്ചത് പുരസ്‌കാരത്തിന്റെ തുടക്കത്തിന് തന്നെ ശ്രദ്ധേയമായ അംഗീകാരമായി. ചികിത്സാരംഗത്തെ മികവിനൊപ്പം മനുഷ്യസ്‌നേഹവും സാമൂഹിക ഉത്തരവാദിത്വവും ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുതുതലമുറയ്ക്ക് പ്രചോദനമാണെന്ന് ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

സേവനവും സമര്‍പ്പണവും ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിത്വങ്ങളെ സമൂഹത്തിന് മുന്നില്‍ ആദരിക്കുന്ന ഒരു മഹത്തായ പാരമ്പര്യമായി ”ആദി ദിവ്യന്‍ പുരസ്‌കാരം” മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള തിയ്യ മഹാസഭയുടെ ലക്ഷ്യത്തിന് ചടങ്ങ് പുതിയ അധ്യായം കുറിച്ചു.

Scroll to Top