ദില്ലി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ തെളിവുകള്‍ വിലയിരുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപണ നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് വിലയിരുത്തല്‍. അതേസമയം, എസ്എഫ്‌ഐഒ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വീണയ്‌ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ഇഡി ഡയറക്ടറുടെ അനുമതി ലഭിച്ചു. എസ്എഫ്‌ഐഒ കുറ്റപത്രം നല്‍കിയതിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡിയും നീക്കം ശക്തമാക്കുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ തായ്ക്കണ്ടിക്കെതിരായ കേസില്‍ കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍ നീക്കം ശക്തമാക്കുകയാണ്. ഇഡി നേരത്തെ ഈ വിഷയത്തില്‍ പരിശോധന നടത്തിയിരുന്നു. വീണയുടെ കമ്പനിക്ക് യുഎഇയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അമേരിക്കയില്‍ നിന്നടക്കം ഇതിലേക്ക് പണം വരുന്നെന്നും കാണിച്ച് ഷോണ്‍ ജോര്‍ജ് ഇഡിക്ക് പരാതി നല്കിയിരുന്നു. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇഡി നോട്ടീസും നല്‍കിയിരുന്നു. എസ്എഫ്‌ഐഒ അന്വേഷണം കഴിയും വരെ കാത്തിരിക്കാനാണ് പിന്നീട് ഇഡി തീരുമാനിച്ചത്. എസ്എഫ്‌ഐഒ ശേഖരിച്ച രേഖകളും കുറ്റപത്രത്തിന്റെ വിശദാംശവും ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍ ഇക്കാര്യം വരും എന്നാണ് ഇഡി നിഗമനം ഇഡി ഡയറക്ടര്‍ അടക്കമുള്ളവര്‍ വിഷയം പരിശോധിച്ച് പുതിയ കേസെടുത്ത് അന്വേഷിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
മാസപ്പടി കേസ്; വീണക്കെതിരായ തെളിവുകള്‍ വിലയിരുത്തി ഇഡി
33