കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ഒരുക്കിയ ‘അമൃതം കര്‍ക്കിടകം’ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, നവകേരളം കര്‍മ്മപദ്ധതി ജില്ലാകോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍ ബിന്ദു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പാല്‍ കഞ്ഞി കുടിച്ചാണ് കളക്ടര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ജൂലൈ 27 വരെയാണ് കഞ്ഞിഫെസ്റ്റ് നടക്കുന്നത്. ഔഷധ കഞ്ഞി, ഞവര കഞ്ഞി, ജീരക കഞ്ഞി, ഉലുവ കഞ്ഞി, പാല്‍ കഞ്ഞി, മുളയരി പായസം, മരുന്ന് ഉണ്ട എന്നിവയാണ് കഞ്ഞി ഫെസ്റ്റില്‍ ഒരുക്കിയിരിക്കന്നത്.
ഞവര അരി, അയമോദകം, ആശാളി, ചതുകുപ്പ, ജീരകം, ഉലുവ, എള്ള്, കരിപ്പെട്ടി, ചുക്ക്, നെയ്യ് എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ കര്‍ക്കിടക ഉണ്ട (മരുന്ന് ഉണ്ട) ഫെസ്റ്റിലെ പ്രധാന ആകര്‍ഷണമാണ്. ചുക്ക് കാപ്പി, ഉണ്ണിയപ്പം, ചക്കപുഴുക്ക്, ചക്ക പായസം, മഞ്ഞള്‍ അട, ചക്കയപ്പം എന്നീ നാടന്‍ വിഭവങ്ങളും ഫെസ്റ്റിലുണ്ട്.