രണ്ട് പഞ്ചായത്തുകള്‍ ഒന്നിച്ചപ്പോള്‍ ആസ്മിയയുടെ വീട്ടില്‍ ഓണപ്പൂരം,സ്‌നേഹച്ചങ്ങാതിമാരെത്തി; സന്തോഷത്തില്‍ മതിമറന്ന് ആയിഷത്ത് ആസ്മിയ

മഞ്ചേശ്വരം: അതിരുകള്‍ മറന്ന് രണ്ട് പഞ്ചായത്തുകള്‍ ഒന്നിച്ചപ്പോള്‍ ആരിക്കാടി പി.കെ. നഗറിലെ ആയിഷത്ത് ആസ്മിയയുടെ വീട്ടില്‍ പിറന്നത് സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഓണപ്പൂരം.

സമഗ്ര ശിക്ഷാ കേരളം കാസര്‍ഗോഡ് ബി.ആര്‍.സി മഞ്ചേശ്വരത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ‘ഓണചങ്ങാതി’ പരിപാടിയുടെ ഭാഗമായാണ് മംഗല്‍പാടി, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ആസ്മിയയുടെ വീട്ടിലെത്തിയത്.
ആസ്മിയ പഠിക്കുന്ന ജി.എച്ച്.എസ്. ഷിറിയ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പരിധിയിലും ആസ്മിയയുടെ വീട് കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലുമാണ്. ഇതോടെ രണ്ട് പഞ്ചായത്തുകളുടെയും സ്‌നേഹവും കരുതലും ഒരുമിച്ചെത്തിയ അപൂര്‍വമായ ഓണാഘോഷത്തിനാണ് പി.കെ. നഗര്‍ സാക്ഷ്യം വഹിച്ചത്. ജനപ്രതിനിധികളും അധ്യാപകരും സഹപാഠികളും നാട്ടുകാരും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നതോടെ ആസ്മിയയുടെ വീടും പരിസരവും ഉത്സവാന്തരീക്ഷത്തിലായി. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണം ആഘോഷിക്കാനായതിന്റെ സന്തോഷത്തില്‍ ആസ്മിയ മതിമറന്നു.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍ മുഖ്യാതിഥിയായി. മഞ്ചേശ്വരം എ.ഇ.ഒ. നാരായണ ദേലംപാടി അധ്യക്ഷത വഹിച്ചു.
സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഷംസുദ്ദീന്‍ സി.എച്ച്., പഞ്ചായത്ത് മെമ്പര്‍ അബ്ബാസ് കൊടിയമ്മ, സെയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍,മുന്‍ വാര്‍ഡ് മെമ്പര്‍ ബി.എ. റഹ്‌മാന്‍ ആരിക്കടി,ഷിറിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിദ്ദിഖ് എം. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരായ അനിത വേഗസ്, സരിത, അനുശ്രീ കെ.വി., റീമ ജസിന്ത, മൊന്തേരിയോ, ഭവ്യ വി.എസ്., ബിന്ധ്യ എന്‍. എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
മഞ്ചേശ്വരം ബി.പി.സി. രാജഗോപാലന്‍ സ്വാഗതവും ട്രെയിനര്‍ സുമയ്യ പി. നന്ദിയും 1 പ്രകാശിപ്പിച്ചു.
ഭിന്നശേഷി കുട്ടികള്‍ക്ക് സമൂഹത്തിന്റെ സ്‌നേഹവും കരുതലും ഉറപ്പാക്കുക എന്ന സന്ദേശവുമായി സംഘടിപ്പിച്ച ഓണചങ്ങാതി ആസ്മിയയുടെ വീട്ടില്‍ സ്‌നേഹത്തിന്റെ അതിരുകളില്ലെന്ന് തെളിയിച്ച മനോഹരമായ അനുഭവമായി മാറി.

Scroll to Top