ചരിത്രത്തിന്റെ കല്ലടയാളങ്ങള്‍ തേടി ബാനം ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍

ബാനം: സ്വന്തം നാടിന്റെ മണ്ണില്‍ മറഞ്ഞുകിടക്കുന്ന പ്രാചീന ചരിത്രത്തിന്റെ അടയാളങ്ങള്‍ തേടി ബാനം ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിയ ചരിത്രാന്വേഷണ യാത്ര വേറിട്ട പഠനാനുഭവമായി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. ബാനം പ്രദേശത്തെ പുരാതന മുനിയറകള്‍ സന്ദര്‍ശിച്ച വിദ്യാര്‍ഥികള്‍, പഴയകാല മനുഷ്യജീവിതത്തിന്റെ ശേഷിപ്പുകള്‍ നേരില്‍ കണ്ടറിഞ്ഞു.
മുനിയറകളുടെ ഘടന, നിര്‍മ്മാണ സവിശേഷതകള്‍, ചരിത്രപരമായ പ്രാധാന്യം എന്നിവ കുട്ടികള്‍ നിരീക്ഷിച്ചു. പ്രാദേശിക ചരിത്രത്തെ പുസ്തകത്തിലെ പാഠഭാഗമായി മാത്രം കാണാതെ, സ്വന്തം ചുറ്റുപാടിലെ തെളിവുകളിലൂടെ തിരിച്ചറിയാനുള്ള അവസരമായി യാത്ര മാറി.
ചരിത്രാവശിഷ്ടങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രാദേശിക പൈതൃകത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും യാത്രയിലൂടെ കുട്ടികള്‍ ഉള്‍ക്കൊണ്ടു. പ്രധാനാധ്യാപിക സി.കോമളവല്ലി, സീനിയര്‍ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രന്‍, ചരിത്രാധ്യാപിക എം.ലത, അനൂപ് പെരിയല്‍, ടി.കെ ഉഫൈറത്ത്, എ.ടി അല്‍ഫോണ്‍സ്, ബി.സിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനയാത്ര.

Scroll to Top