ജനറല്‍ ആശുപത്രി വെറും നോക്കുകുത്തി ആശുപത്രിയായി മാറി: എം.എല്‍. അശ്വിനി

കാസര്‍കോട്: ആധുനിക ചികിത്സാ സംവിധാനങ്ങളുടെ അഭാവത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി വെറും നോക്കുകുത്തി ആശുപത്രിയായി മാറിയിരിക്കുകയാണെന്നും, ആശുപത്രിയില്‍ ‘മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍’ എന്ന ബോര്‍ഡ് സ്ഥാപിച്ചതൊഴിച്ചാല്‍ കാര്യമായ വികസനങ്ങളൊന്നും നടപ്പിലായിട്ടില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു.

ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുക, ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, പുതിയ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആരംഭിക്കുക, സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി കാസര്‍കോട് മണ്ഡലം കമ്മിറ്റി ജനറല്‍ ആശുപത്രിക്ക് മുന്നില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ജില്ലയിലെ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടാനുള്ള ധൈര്യമുണ്ടോയെന്നും അശ്വിനി ചോദിച്ചു. ആശുപത്രിയുടെ ശോചനീയാവസ്ഥയും തുടര്‍ച്ചയായി ഉയരുന്ന ചികിത്സാ പിഴവ് സംബന്ധിച്ച പരാതികളും കാരണം നിര്‍ധന കുടുംബങ്ങള്‍ പോലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. മണ്ഡലത്തെ പതിറ്റാണ്ടുകളായി പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗിന് ഈ അവസ്ഥയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അവര്‍ പറഞ്ഞു.

സന്നദ്ധ സംഘടനകള്‍ ഏര്‍പ്പെടുത്തിയ ഓക്‌സിജന്‍ പ്ലാന്റ് പോലുള്ള സംവിധാനങ്ങള്‍ പോലും കൃത്യമായി പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകുന്നില്ല. ആശുപത്രിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ജനറല്‍ ആശുപത്രിയിലേക്കും മറ്റ് ഭരണ സ്ഥാപനങ്ങളിലേക്കും മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അശ്വിനി മുന്നറിയിപ്പ് നല്‍കി.

ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം സവിത ടീച്ചര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, ജില്ലാ സെക്രട്ടറി പ്രമീള മജല്‍, ജില്ലാ ട്രഷറര്‍ വീണ അരുണ്‍ ഷെട്ടി, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ സുകുമാര്‍ കുദ്രെപ്പാടി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ദിവ്യ സന്ദീപ്, രവീന്ദ്ര റൈ, മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ ഷെട്ടി, ജില്ലാ സെക്രട്ടറി ലീലാവതി ടീച്ചര്‍, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനിത നായിക്, മണ്ഡലം ട്രഷറര്‍ ഹരീഷ് കെ.ആര്‍., മുന്‍സിപ്പാലിറ്റി, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്, ഏരിയ കമ്മിറ്റി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Scroll to Top