വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന ചിത്രം ‘രണബാലി’ ഒക്ടോബര്‍ 16 ന് തിയേറ്ററുകളില്‍; മലയാളം ടീസര്‍ പുറത്ത്

വിജയ് ദേവരകൊണ്ടയെയും രശ്മിക മന്ദാനയെയും പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ സങ്കൃത്യന്‍ സംവിധാനം ചെയ്യുന്ന പീരിയഡ് ആക്ഷന്‍ ഡ്രാമയാണ് ‘രണബാലി’. ബ്രിട്ടീഷ് ഭരണകാലത്തെ രേഖപ്പെടുത്താത്ത ചരിത്രസംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രം ഒക്ടോബര്‍ 16-ന് തിയേറ്ററുകളിലെത്തും.
വിജയ് ദേവരകൊണ്ടയെ നായകനാക്കി രാഹുല്‍ സങ്കൃത്യന്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് രണബാലി. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സെപ്റ്റംബര്‍ 11 ന് തിയറ്ററുകളില്‍ എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുകയുണ്ടായി. ഒക്ടോബര്‍ 16 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മലയാളം ടീസര്‍ പുറത്തുവന്നിരിക്കുകയാണ്.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹ ശേഷം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ് പൂര്‍ത്തിയാവുന്നത്.ഈ ചിത്രം ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമയായാണ് ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും കെമിസ്ട്രി വീണ്ടും സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമെന്നത് ആരാധകരുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ട് ഇറങ്ങിയിരുന്ന സര്‍പ്രൈസ് വീഡിയോ ഏവരും ഏറ്റെടുത്തിരുന്നു. ‘രണബാലി’യുടെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്സും വെഡ്ഡിങ് പോസ്റ്ററും സോഷ്യല്‍ മീഡിയയിലാകെ തരംഗമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നടന്ന, എന്നാല്‍ ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത് എന്നാണ് സൂചന. ഹിറ്റ്ലറുടെ ഹോളോകോസ്റ്റിനേക്കാള്‍ ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്സില്‍ സൂചിപ്പിക്കുന്നുണ്ട്. സര്‍ റിച്ചാര്‍ഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യയെ എങ്ങനെയാണ് വരള്‍ച്ചാ മേഖലയാക്കി മാറ്റിയതെന്ന വൈകാരികമായ വസ്തുതകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകള്‍.

വിശാല്‍ ചിത്രം ‘മകുടം’ ഇന്ന് മുതല്‍ ഒടിടിയില്‍; എവിടെ കാണാം?
ചിത്രത്തില്‍ ‘രണബാലി’ എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. രശ്മിക മന്ദാന ‘ജയമ്മ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘ദി മമ്മി’ എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലന്‍. സര്‍ തിയോഡോര്‍ ഹെക്ടര്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം ഗുല്‍ഷന്‍ കുമാര്‍, ഭുഷന്‍ കുമാര്‍, ടി സീരീസ് ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്‌കാരമാണെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാന്‍-ഇന്ത്യന്‍ തലത്തില്‍ പുറത്തിറങ്ങുന്ന ‘രണബലി’ ഇന്ത്യന്‍ സിനിമയിലെ തന്നെ വമ്പന്‍ പ്രോജക്റ്റുകളില്‍ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Scroll to Top