മഞ്ചേശ്വരം: ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടുവയ്ക്കുന്ന തൊഴില്‍ നൈപുണി വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ അറിവ്, പ്രായോഗിക മികവ്, നിര്‍മ്മാണത്തിലെ സര്‍ഗാത്മകത, പ്രശ്‌നപരിഹരണ ശേഷി എന്നിവ വികസിപ്പിക്കുന്നതിനായി ബങ്കര മഞ്ചേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു.
സ്‌കൂളിലെ എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍നിന്നായി തൊഴില്‍ നൈപുണി പരിശീലനത്തില്‍ താല്‍പര്യമുള്ള 50 വിദ്യാര്‍ത്ഥികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പഠനത്തോടൊപ്പം വിവിധ തൊഴില്‍ മേഖലകളുമായി കുട്ടികളെ പരിചയപ്പെടുത്തുകയും ‘പഠിച്ചുകൊണ്ട് നിര്‍മ്മിക്കുക’ (Learning by Doing) എന്ന ആശയത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.
പരിശീലന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വിജയ റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ (VRDF) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോതിരാജ് നിര്‍വഹിച്ചു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് അഷറഫ് ബി.എം. അധ്യക്ഷത വഹിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ രാജഗോപാലന്‍ പി., സീനിയര്‍ അസിസ്റ്റന്റ് ഗ്രീഷ്മ കെ.എന്‍., സ്റ്റാഫ് സെക്രട്ടറി ടിട്ടു ബെഞ്ചമിന്‍, രാജേഷ് കുമാര്‍ എസ്. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഹെഡ്മിസ്ട്രസ് പുഷ്പ ടി. സ്വാഗതവും ബി.കെ. അലി നന്ദിയും രേഖപ്പെടുത്തി.
വിദ്യാര്‍ത്ഥികള്‍ക്ക് വെറും പാഠപുസ്തക അറിവില്‍ ഒതുങ്ങാതെ നിര്‍മ്മാണം, സര്‍ഗാത്മകത, തൊഴില്‍മികവ്, കൂട്ടായ പ്രവര്‍ത്തനം, പ്രശ്‌നപരിഹാരം തുടങ്ങിയ ജീവിതനൈപുണികള്‍ നേരിട്ട് അനുഭവിച്ചറിയുന്നതിനുള്ള മികച്ച അവസരമായി കുട നിര്‍മ്മാണ പരിശീലനം മാറി.
മഞ്ചേശ്വരം സ്‌കൂളില്‍ 50 വിദ്യാര്‍ത്ഥികള്‍ക്ക് കുട നിര്‍മ്മാണ പരിശീലനം




