Home Kerala കൈയടി നേടി കാസര്‍ഗോട്ടെ എന്റെ കേരളം പ്രദര്‍ശന വിപണന മേള

കൈയടി നേടി കാസര്‍ഗോട്ടെ എന്റെ കേരളം പ്രദര്‍ശന വിപണന മേള

by KCN CHANNEL
0 comment

ആകര്‍ഷകമായ സ്റ്റാളുകളും സാംസ്‌കാരിക പരിപാടികളും; കൈയടി നേടി കാസര്‍ഗോട്ടെ എന്റെ കേരളം പ്രദര്‍ശന വിപണന മേള
മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേള ശ്രദ്ധേയമായി. ഏപ്രില്‍ 21 മുതല്‍ 27 വരെ കാലിക്കടവ് മൈതാനത്താണ് മേള നടന്നത്. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും മിഴിവാര്‍ന്ന സാംസ്‌കാരിക പരിപാടികളും കൊണ്ട് സമ്പന്നമായ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.
ഏപ്രില്‍ 21ന് നടന്ന സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷനായി. മന്ത്രിമാരും ജനപ്രതിനിധികളും ചീഫ് സെക്രട്ടറിയും ഐപിആര്‍ഡി സെക്രട്ടറിയും സംസാരിച്ചു. ആല്‍മരം എന്ന മ്യൂസിക് ബാന്‍ഡിന്റെ പരിപാടിയാണ് അന്നേ ദിവസം മുഖ്യ ആകര്‍ഷണമായത്. ഏപ്രില്‍ 22ന് കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകളും വൈകീട്ട് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഗോത്ര കലകളും നാടിന്റെ ശ്രദ്ധയാകര്‍ഷിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ സച്ചു സന്തോഷിന്റെ നൃത്തം പരിപാടിക്ക് കൂടുതല്‍ മാറ്റുകൂട്ടി. വൈകീട്ട് നാടന്‍പാട്ടും കൊറഗ ഡാന്‍സും മധു ബേഡകത്തിന്റെ ഏകാങ്ക നാടകവും ജ്വാലാമുഖി എന്ന സംഗീതശില്‍പ്പവും കാണാന്‍ ജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ഏപ്രില്‍ 23ന് വിദ്യാഭ്യാസരംഗത്തെ വിവിധ വിഷയങ്ങളിലായിരുന്നു ചര്‍ച്ചകള്‍ സംഘടിപ്പിക്കപ്പെട്ടത്. എക്സൈസ് വകുപ്പിന്റെ കുടമാറ്റം എന്ന നാടകം കുട്ടികളേയും മുതിര്‍ന്നവരേയും ലഹരിക്കെതിരെ ബോധവത്കരിക്കുന്നതായി. ഫ്യൂഷന്‍ ഡാന്‍സും ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിച്ച റിഥം എന്ന പരിപാടിയും വന്‍ കൈയടി നേടി.

നാലാം ദിനമായ ഏപ്രില്‍ 24ന് ജനകീയ ആസൂത്രണം സംബന്ധിച്ച സെമിനാറുകള്‍ നടന്നു. അന്ന് കല്ലറ ഗോപന്റെ ഗാനമേളയും കലാമണ്ഡലം സ്വരചന്ദിന്റെ ദുര്യോദനവധം കഥകളിയും പ്രധാന ആകര്‍ഷണമായി. ഏപ്രില്‍ 25ന് ജനകീയാരോഗ്യവുമായി ബന്ധപ്പെട്ട സെമിനാറുകളും മാര്‍ഗംകളിയും യക്ഷഗാനവും ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പരിപാടികളും നടന്നു.

മേളയുടെ ആറാം ദിനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ മേഖലയില്‍ കേരളം കൈവരിച്ച മികവുകള്‍ ചര്‍ച്ചയായി. അന്നേ ദിവസം മോഹിനിയാട്ടവും പട്ടുറുമാല്‍ ഫെയിം കുഞ്ഞുഭായ് പടന്നയുടെ ഇശല്‍രാവും കുടുംബശ്രീ കലാസന്ധ്യയും ശ്രദ്ധേയമായി. ഏപ്രില്‍ 27ന് നടന്ന സമാപനസമ്മേളനത്തിന് എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി. വനംമന്ത്രി എ കെ ശശീന്ദ്രന്‍ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ മറുപുറം എന്ന നാടകവും സീനിയര്‍ സിറ്റിസണ്‍സ് ഗ്രൂപ്പ് ഡാന്‍സും അന്നേ ദിവസം വലിയ കൈയടികള്‍ നേടി. ആകര്‍ഷകമായ സ്റ്റാളുകളും കലാപ്രകടനങ്ങളും ആസ്വദിക്കാന്‍ ജനങ്ങളുടെ വലിയ ഒഴുക്കാണ് മേളയിലേക്കുണ്ടായത്. മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

You may also like

Leave a Comment