രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ സൈനിക മേധാവികള്‍ സൈനിക നീക്കം വിശദീകരിക്കുന്നത്
ന്യൂ ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിലൂടെ സൈന്യം തകര്‍ത്തത് പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളെന്ന് കേണല്‍ സോഫിയ ഖുറേഷി. രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടിയെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി.
സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ സൈനിക മേധാവിമാര്‍ സൈനിക നീക്കം വിശദീകരിക്കുന്നത്.
2001ലെ പാര്‍ലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം, ഉറി, പുല്‍വാമ തുടങ്ങിയ ഭീകരാക്രമങ്ങളുടെ ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ടാണ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്. വിക്രം മിസ്രിയാണ് ആദ്യം സംസാരിച്ചുതുടങ്ങിയത്.
‘പഹല്‍ഗാം ഏറ്റവും നീചമായ ആക്രമണമായിരുന്നു. പോയിന്റ് ബ്ലാങ്കില്‍ നിന്നാണ് ടൂറിസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ജമ്മു കശ്മീരിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമമായിരുന്നു അത്. പാകിസ്താനും പാകിസ്താനില്‍ നിന്നെത്തിയ ഭീകരരും തന്നെയാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയത്. പാകിസ്താന്‍ ഭീകരവാദികളുടെ സ്വര്‍ഗ്ഗമാണെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പെഹല്‍ഗാമിനുള്ള ശക്തമായ സന്ദേശമായിരുന്നു’, എന്നും മിസ്രി പറഞ്ഞു.
‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നുപേരിട്ട സൈനിക നടപടിയിലൂടെയാണ് പാക് ഭീകര കേന്ദ്രങ്ങളെ ഇന്ത്യ തകര്‍ത്തത്. കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കത്തിലൂടെയായിരുന്നു ഇന്ത്യ പാകിസ്താന് മറുപടി നല്‍കിയത്. ജെയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍.
ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഇതിനായി സേനകള്‍ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍പുതന്നെ ശേഖരിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് സേനകള്‍ക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകള്‍ സംയുക്തമായി ആക്രമണ പദ്ധതികള്‍ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വര്‍ഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരര്‍ക്കുണ്ടായി.