കാസര്‍കോട്: വാഹനാപകടങ്ങളും, അപകടമരണങ്ങളും തുടര്‍ക്കഥയായ കാസര്‍കോട് ദേശീയപാത അടുക്കത്ത് ബയലില്‍ കാല്‍നട മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് കേന്ദ്രമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടും തുടര്‍നടപടികള്‍ വൈകുന്നതില്‍ നാട്ടുകാര്‍ക്കും,ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്കും ആശങ്ക.
ദേശീയപാത നിര്‍മ്മാണ സമയത്ത് തന്നെ അടുക്കത്ത് ബയലില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അനുവദിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതാണ്. ഇത് ചെവി കൊള്ളാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് ആക്ഷന്‍ കമ്മിറ്റി രൂപവല്‍ക്കരിക്കുകയും, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നേരിട്ട് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് നിവേദനം നല്‍കുകയും ചെയ്തിരുന്നു. അടുക്കത്ത് ബയല്‍ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്ര കമ്മിറ്റിയും, മുഹിയദ്ധീന്‍ ജമായത്ത് കമ്മിറ്റിയും സംയുക്തമായാണ് ഈ വിഷയത്തില്‍ ഇടപെട്ടതും, ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയതും. മന്ത്രിക്ക് നിവേദനം നല്‍കിയതും. നിവേദനത്തിന് മന്ത്രിയുടെ ഉറപ്പും ലഭിച്ചിരുന്നുവെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നുണ്ട്. ഇതില്‍ തുടര്‍നടപടികളില്ലാത്തതാണ് ഇപ്പോള്‍ നാട്ടുകാരില്‍ ആശങ്ക ഉണ്ടാക്കുന്നത്.
ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കഴിഞ്ഞമാസം ഒരു വീട്ടമ്മ ദാരുണമായി കാറിടിച്ച് മരണപ്പെട്ടതിന് ശേഷമാണ് കാല്‍നട മേല്‍പ്പാലത്തിന് ആവശ്യം ശക്തമാക്കിയത്.




