Advertisement

മന്ത്രി കെ എം ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗം; ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി

By kcnchannel / October 2, 2026

കണ്ണൂര്‍: മന്ത്രി കെ എം ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി. വാഹനത്തില്‍ നിയമവിരുദ്ധമായി ദേശീയ പതാക സ്ഥാപിച്ചതും ”കേരള സ്റ്റേറ്റ് ‘ ബോര്‍ഡ് എന്നിവ സ്ഥാപിച്ചതും അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് കണ്ണൂര്‍ സ്വദേശി സരീഷ് പൂമരം പരാതി നല്‍കിയത്.

മോട്ടോര്‍ വാഹന നിയമങ്ങളുടെയും കേന്ദ്ര-സംസ്ഥാന ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമാണ് നടന്നതെന്ന് പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ ഫയലുകളുടെയും ലോഗ് ബുക്കുകളുടെയും വിശദമായ പരിശോധന നടത്തണം. KL-78-A-0009 നമ്പര്‍ വാഹനം മോട്ടോര്‍ വാഹന വകുപ്പ് വിളിച്ചുവരുത്തി പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, ഔദ്യോഗിക പദവി വ്യക്തമാക്കുന്ന ‘കേരള സ്റ്റേറ്റ് 13’ എന്ന ബോര്‍ഡും ദേശീയ ചിഹ്നവും പതിച്ച് കെ എം ഷാജി റേഞ്ച് റോവര്‍ കാറില്‍ സഞ്ചരിച്ചത് വിവാദമായിരുന്നു. ഔദ്യോഗിക വാഹനം തകരാറിലായതിനാല്‍ സുഹൃത്തിന്റെ വാഹനം ഒരു ദിവസത്തേക്ക് ഉപയോഗിച്ചുവെന്നായിരുന്നു വിവാദത്തോട് നേതൃത്വം പ്രതികരിച്ചത്.

സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത് 2 മന്ത്രിമാര്‍ക്ക് മാത്രമാണ്. കുഞ്ഞാലികുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ് പൊതുഭരണ വകുപ്പിന്റെ അനുമതി കിട്ടിയത്. സര്‍ക്കാര്‍ വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചെന്നിത്തല സ്വന്തം വണ്ടിക്ക് അപേക്ഷ നല്‍കിയത്. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി ഉണ്ടെന്ന കെ എം ഷാജിയുടെ വാദം ശരിയല്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു