Advertisement

കാഴ്ചവെല്ലുവിളി നേരിടുന്നവര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് സാക്ഷരതാമിഷന്‍

By kcnchannel / October 5, 2026

പേപ്പറിലെ ചെറിയ കുത്തുകള്‍ക്ക് മുകളിലൂടെ വിരലോടിച്ച് അവര്‍ അക്ഷരം തിരിച്ചറിഞ്ഞു. അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകളാക്കി. ഉറക്കെ വായിച്ചു. അങ്ങനെ ബ്രെയില്‍ ലിപിയുടെ അത്ഭുതലോകത്തേയ്ക്ക് അവര്‍ പ്രവേശിച്ചു. കാസര്‍കോട് ജില്ലയില്‍ 15 പേരാണ് സാക്ഷരതാമിഷന്റെ ദീപ്തി ബ്രെയില്‍ ലിറ്ററസി പദ്ധതിയിലൂടെ അക്ഷര വെളിച്ചം നേടിത്. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നടത്തിയ ദീപ്തി ബ്രെയില്‍ ലിറ്ററസി പ്രോഗ്രാമിന്റെ ഒന്നാം ഘട്ടത്തിലെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ബ്ലൈന്‍ഡ് ടീച്ചേഴ്സ് ഫോറം എന്നിവരുടെ സംയുക്ത സഹകരണത്തോടെ കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്കായി സംസ്ഥാനതലത്തില്‍ നടപ്പിലാക്കിയ മാതൃകാപരമായ പദ്ധതിയാണ് ദീപ്തി ബ്രെയില്‍ ലിറ്ററസി പ്രോഗ്രാം.

ജില്ലയില്‍ സര്‍വ്വേയിലൂടെ കണ്ടെത്തിയ 47 പഠിതാക്കളില്‍ 20 പഠിതാക്കള്‍ ക്ലാസുകളില്‍ പങ്കെടുക്കുകയും 15 പേര്‍ പരീക്ഷയെഴുതി വിജയിക്കുകയും ചെയ്തു. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം വിതരണം ചെയ്തു. കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള ദീപ്തി ബ്രെയില്‍ ലിറ്ററസി പ്രോഗ്രാം ജില്ലാ പഞ്ചായത്ത് തുടരുമെന്ന് പ്രസിഡണ്ട് സാബു അബ്രഹാം പറഞ്ഞു. 1.32 ലക്ഷം വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതിയാണിത്. ജില്ലാപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠിതാക്കളുടെ യാത്രാപ്പടി ഭക്ഷണം എന്നിവയ്ക്കാണ് തുക വിനിയോഗിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ സോയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഇര്‍ഫാന ഇഖ്ബാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.സബീഷ്, ടി.വി രാധിക, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, കെ.എഫ്.ബി ജില്ലാ സെക്രട്ടറി സി.എച്ച് നാരായണന്‍, ബ്ലൈന്‍ഡ് ടീച്ചേഴ്സ് ഫോറം പ്രതിനിധികളായ സതീശന്‍ മാസ്റ്റര്‍ ഉമേശന്‍ മാസ്റ്റര്‍ ബ്രെയില്‍ അധ്യാപകന്‍ പി.എന്‍ തമ്പാന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ കെ.വി രതീഷ് സ്വാഗതവും ക്ലാസ് കോര്‍ഡിനേറ്റര്‍ എ.തങ്കമണി നന്ദിയും പറഞ്ഞു