Advertisement

മയങ്കര ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവം: സംഘാടക സമിതി ഉപസമിതി യോഗം ചേര്‍ന്നു

By kcnchannel / October 8, 2026


കാസര്‍കോട്: ബേവിഞ്ച മയങ്കര ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ഡിസംബര്‍ 18 മുതല്‍ 27 വരെ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കുന്ന പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവത്തിന്റെ സംഘാടക സമിതി ഉപസമിതി യോഗം ചേര്‍ന്നു. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സമിതികളുടെ ഏകോപനവും പ്രവര്‍ത്തന പദ്ധതികളും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു.

യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഗിരിധരന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്‌മകലശോത്സവത്തോടനുബന്ധിച്ച് നടക്കുന്ന വൈദിക-ധാര്‍മ്മിക ചടങ്ങുകളെക്കുറിച്ചും വിവിധ പരിപാടികളെക്കുറിച്ചും അദ്ദേഹം വിശദമായ വിവരങ്ങള്‍ പങ്കുവെച്ചു.
ഗോവിന്ദ ബള്ളമൂലെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ധനകാര്യം, പ്രചാരണം, സാംസ്‌കാരികം, സ്ഥല സജ്ജീകരണം തുടങ്ങിയ വിവിധ ഉപസമിതികളുടെ പ്രവര്‍ത്തന പുരോഗതിയും വരുംദിനങ്ങളിലെ കര്‍മ്മപദ്ധതികളും അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു.
ബി. കെ. വിജയന്‍ സാമ്പത്തിക ക്രമീകരണങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.

ക്ഷേത്ര ഭരണാധികാരികളായ ബി. വി. കക്കില്ലായ, വിഷ്ണുമൂര്‍ത്തി കക്കില്ലായ, ഗോപാലകൃഷ്ണ കക്കില്ലായ എന്നിവര്‍ സന്നിഹിതരാവുകയും ചടങ്ങുകള്‍ കുറ്റമറ്റ രീതിയില്‍ സംഘടിപ്പിക്കുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

സാംസ്‌കാരിക സമിതി കണ്‍വീനര്‍ സുനില്‍ കുമാര്‍, പ്രചാരണ സമിതി ചെയര്‍മാന്‍ റിജേഷ് കല്ലുവള, സ്ഥല സജ്ജീകരണ സമിതി കണ്‍വീനര്‍ ശശിധര നായക് എന്നിവര്‍ അതത് സമിതികളുടെ പ്രവര്‍ത്തന രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു.
സെക്രട്ടറി രവി ബേവിഞ്ചെ കൃതജ്ഞത രേഖപ്പെടുത്തി.