ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; നേതാക്കള്‍ ഇല്ലെങ്കിലും രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് സിജെപി,
പൊതുജനങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥന
സിജെപി നേതാക്കളായ അഭിജീത് ദിപ്‌കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളില്‍ നിന്നും നാടകീയമായി കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥി നേതാക്കളും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും അടക്കം നൂറുകണക്കിനാളുകളെയാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, നേതാക്കള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്ന് സിജെപി.
ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ദില്ലിയില്‍ ശക്തം. സിജെപി ജന്തര്‍മന്തറിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ച് സര്‍വ്വ സന്നാഹങ്ങളുമായി ദില്ലി പൊലീസ് തടഞ്ഞെങ്കിലും പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് സിജെപി പ്രഖ്യാപിച്ചു. മാര്‍ച്ചിനെത്തിയ സിജെപി നേതാക്കാളായ അഭിജീത് ദിപ്‌കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളില്‍ നിന്നും നാടകീയമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇതോടെ നേതാക്കള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്ന് സിജെപി അറിയിച്ചു.
രാജ്യവ്യാപകമായി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നേതാക്കള്‍ ഇല്ലാതെയും പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്ന് സിജെപി വക്താവ് വ്യക്തമാക്കി. ജനാധിപത്യത്തിലെ വിയോജിപ്പുകള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ആളുകള്‍ തടവിലാവുമ്പോള്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരണമെന്നും സിജെപി അഭ്യര്‍ത്ഥിച്ചു.
നേതാക്കള്‍ കസ്റ്റഡിയില്‍
സിജെപി നേതാക്കളെ തടയാന്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊലീസിന്റെ പ്രതീക്ഷിച്ച നീക്കമാണ് ഉണ്ടായത്. 10.20 ഓടെ മുംബൈ – ദില്ലി എയര്‍ ഇന്ത്യ വിമാനത്തിലേക്ക് ദില്ലി പൊലീസ് ഇരച്ചു കയറി. 15 മിനിറ്റിനകം സിജെപി നേതാക്കാളായ അഭിജീത് ദിപ്‌കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവര്‍ കസ്റ്റഡിയിലെടുത്തു. 11 മണിയോടെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പ്രത്യേക വാഹനത്തില്‍ പോലീസ് പുറത്തെത്തി. സിജെപി നേതാക്കളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. നേതാക്കള്‍ ഇല്ലാതെയും പ്രതിഷേധം തുടരുമെന്ന് സിജെപി വ്യക്തമാക്കി. ഭരണകൂടം പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയാണെന്നും രാജ്യവ്യാപകമായി പ്രതിഷേധിക്കും എന്നും സിജെപി വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രശസ്ത യൂട്യൂബര്‍ ദ്രുവ് റാത്തിയെ ഗുരുഗ്രാം പൊലീസ് രാവിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടില്‍ നിന്നും കൊണ്ടുപോയി. പ്രതിഷേധത്തിന് പിന്തുണയുമായി കുടുബത്തോടൊപ്പം മാര്‍ച്ച് ചെയ്യാന്‍ തയ്യാറെടുത്ത അരവിന്ദ് കെജ്രിവാളിനെ ലോധി എസ്റ്റേറ്റിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തു. ജന്തര്‍മന്തറിലേക്ക് തിരിച്ച പ്രതിഷേധക്കാരെ ദില്ലിയിലെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റ് ചെയുന്നത് തുടരുകയാണ്.
സുദേശ് എന്ന വനിത ആക്ടിവിസ്റ്റിനെ ജന്തര്‍മന്തര്‍ ഭാഗത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. പൊലീസിന്റെ കണ്ണു വെട്ടിച്ച് ഇവിടെയെത്തിയ സുദേശ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ തൂക്കിയെടുത്തു കൊണ്ടുപോകുകയായിരുന്നു. ജന്തര്‍മന്തറിലേക്ക് ഒരാള്‍ പോലും എത്താത്ത രീതിയില്‍ പൊലീസ് കോട്ട കെട്ടി അടച്ചിരിക്കുകയാണ്. അഞ്ച് തട്ടുള്ള ബാരിക്കേഡാണ് അശോക റോഡില്‍ നിന്ന് ജന്തര്‍മന്തറിലേക്ക് പോകുന്ന റോഡില്‍ സ്ഥാപിച്ചത്. ജന്തര്‍മന്തറിലേക്ക് കൊണാട്ട് പ്‌ളെയിസ്, വിന്‍ഡ്‌സര്‍ സര്‍ക്കിള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവേശനവും തടഞ്ഞിരിക്കുകയാണ്. ജന്തര്‍ മന്തറിലേക്ക് തിരിച്ച നിരവധി പേരെ സന്‍സദ് മാര്‍ഗ്, മണ്ഡി ഹൗസ്, റീഗല്‍ സിനിമ, മിന്റോ റോഡ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന് പിന്തുണച്ച ഒരുവിഭാഗം അഭിഭാഷകരെയും പൊലീസ് അറസ്റ്റ് ചെയ്തത് നീക്കി. സുപ്രീംകോടതി പരിസരത്ത് നിന്നും ജന്തര്‍ മന്തറിലേക്കായിരുന്നു മാര്‍ച്ച്. വിവിധ ഇടങ്ങളില്‍നിന്നും പ്രതിഷേധത്തിന് എത്തിയ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.
