Advertisement

ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയില്‍ നിന്ന് ഒഴിവാക്കി, ദില്ലി പൊലീസിന്റെ സുപ്രധാന നീക്കം

By kcnchannel / October 12, 2026

രാജ്യതലസ്ഥാനത്ത് സമരം ചെയ്യാന്‍ ഇനി 3 പുതിയ വേദികള്‍

ദില്ലിയിലെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍ നിന്ന് ജന്തര്‍ മന്തറിനെ ഒഴിവാക്കി. പകരം രാംലീല മൈതാന്‍, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നീ പുതിയ കേന്ദ്രങ്ങള്‍ അനുവദിച്ചു. പ്രതിപക്ഷ പ്രക്ഷോഭങ്ങളെ നിശബ്ദമാക്കാനുള്ള തന്ത്രമാണിതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്
ദില്ലി: രാജ്യ തലസ്ഥാനത്ത് നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ നിയന്ത്രിക്കാനും തടയാനും ലക്ഷ്യമിട്ട് സുപ്രധാന നീക്കവുമായി ദില്ലി പോലീസ്. പതിറ്റാണ്ടുകളായി ദില്ലിയിലെ സമരകേന്ദ്രമായിരുന്ന ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍ നിന്ന് ദില്ലി പോലീസ് ഒഴിവാക്കി. ജന്തര്‍ മന്തറിന് പകരം പ്രക്ഷോഭങ്ങള്‍ക്കായി ദില്ലിയില്‍ മൂന്ന് പുതിയ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. രാംലീല മൈതാന്‍, ബുരാരി ഗ്രൗണ്ട്, ഈസ്റ്റ് ഡല്‍ഹിയിലെ സി ബി ഡി (CBD) ഗ്രൗണ്ട് എന്നിവയാണ് പുതുതായി അനുവദിച്ച സമരവേദികള്‍. പ്രതിഷേധങ്ങള്‍ തടസ്സമില്ലാതെ നടത്താന്‍ ബദല്‍ വേദികള്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമിതി നല്‍കിയ ശുപാര്‍ശ കൂടി പരിഗണിച്ചാണ് ദില്ലി പൊലീസിന്റെ സുപ്രധാന തീരുമാനം. പ്രതിഷേധ വേദികള്‍ പുനഃക്രമീകരിച്ചുകൊണ്ട് 2022 ഏപ്രില്‍ 28 ലെ മുന്‍ ഉത്തരവാണ് പോലീസ് ഇപ്പോള്‍ ഭാഗികമായി ഭേദഗതി ചെയ്തിരിക്കുന്നത്. പ്രധാന സര്‍ക്കാര്‍ ഓഫീസുകളും പാര്‍ലമെന്റും സ്ഥിതി ചെയ്യുന്ന മേഖലകളില്‍ നിന്നുമുള്ള ഈ വേദി മാറ്റം പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ നിശബ്ദമാക്കാനുള്ള തന്ത്രമാണെന്ന വിമര്‍ശനം ശക്തമാകാനാണ് സാധ്യത.