സുപ്രീം കോടതിയിലേക്ക് ‘ചലോ ദില്ലി’ മാര്‍ച്ചുമായി ഇന്ത്യ സഖ്യം; രാഹുല്‍ ഗാന്ധിയും ഖര്‍ഗെയുമടക്കം അണിനിരക്കുന്നു
തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും വോട്ട് ചോര്‍ച്ചയ്ക്കെതിരെയും ഇന്ത്യ സഖ്യം ദില്ലിയില്‍ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് തുടങ്ങി. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത മാര്‍ച്ചില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രക്ഷോഭം. സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മാര്‍ച്ച് ദില്ലിയില്‍ തുടങ്ങി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, പ്രിയങ്ക ഗാന്ധിയടക്കമുള്ള എം പിമാരും നേഹ ബോറ, യോഗേന്ദ്ര യാദവ് തുടങ്ങി ഇന്ത്യ സഖ്യം നേതാക്കളും സുപ്രീം കോടതി മാര്‍ച്ചില്‍ അണിനിരക്കുന്നുണ്ട്. ബസുകളിലാണ് എം പിമാരും, നേതാക്കളും സുപ്രീം കോടതി പരിസരത്തേക്ക് പോകുന്നത്. പൊലീസ് എവിടെ തടയുമോ അവിടെ മുതല്‍ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. നേതാക്കള്‍ക്കൊപ്പം വലിയ തോതില്‍ പ്രവര്‍ത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ രാജ്യതലസ്ഥാനം ഇന്നും സംഘര്‍ഷഭരിതമാകാനുള്ള സാധ്യതയുണ്ട്. ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് നിവേദനം നല്‍കാനാണ് ഇന്ത്യ സഖ്യത്തിന്റെ പദ്ധതി. രാജ്യത്തെ യുവജനങ്ങളും പൗരവകാശ സംഘടനകളും പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ – ജാതി – മത ഭേദമന്യേ ഭരണഘടന സംരക്ഷിക്കാനായി തങ്ങളോടൊപ്പം തെരുവില്‍ അണിനിരക്കണമെന്ന് രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ രാജ്യത്തെ യുവജനങ്ങള്‍ക്ക് നേരെ പൊലീസിന്റെയും ബി ജെ പി ഗുണ്ടകളുടെയും ഭാഗത്തുനിന്നും ക്രൂരമായ അതിക്രമങ്ങളാണ് ഉണ്ടായതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
അനുമതി നല്‍കാതെ ചീഫ് ജസ്റ്റിസ്
അതേസമയം നിയമപ്രകാരം സുപ്രീം കോടതിയെ സമീപിച്ചാല്‍ ഏത് പരാതിയും പരിഗണിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, പ്രതിപക്ഷ നേതാക്കള്‍ക്ക് സന്ദര്‍ശന അനുമതി നിഷേധിച്ചിരുന്നു. കോടതി പരിഗണിക്കുന്ന വിഷയത്തില്‍ പ്രതിപക്ഷ നേതാക്കളെ പ്രത്യേകം കണ്ട് നിവേദനം വാങ്ങുന്നത് ഉചിതമാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കൂടിക്കാഴ്ചയ്ക്ക് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചത്. കഴിഞ്ഞയാഴ്ച ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ നാല് മാര്‍ച്ചുകളാണ് ദില്ലിയില്‍ നടന്നത്. വെള്ളിയാഴ്ച രാഷ്ട്രപതിയെ കണ്ട് ഇന്ത്യാസഖ്യം നേതാക്കള്‍ നിവേദനം നല്കി. പാര്‍ലമെന്റില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗത്തിലാണ് ഇന്ന് സുപ്രീം കോടതിയെ സമീപിക്കാനുള്ള ധാരണയില്‍ എത്തിയത്. മമതാ ബാനര്‍ജിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നല്‍കണം എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചതെന്നാണ് സൂചന. എന്നാല്‍ എസ് ഐ ആര് ഹര്‍ജികള്‍ അടക്കം വിഷയങ്ങള്‍ കോടതി പരിഗണിക്കുമ്പോള്‍ ഈ അസാധാരണ കൂടിക്കാഴ്ചയ്ക്ക് കോടതി തയ്യാറാകുമോ എന്ന സംശയം സഖ്യത്തിലെ തന്നെ ചില നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യം എന്നാണ് ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചയെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. എന്നാല്‍ ഇന്നലെ രാത്രി നാല് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചത്. പ്രതിപക്ഷം ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ താന്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് പരിഗണിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. അതിനാല്‍ നേതാക്കളെ പ്രത്യേകം കാണുന്നത് ഉചിതമാകില്ല. ഭരണപരമായി തീരുമാനിക്കേണ്ട ചില വിഷയങ്ങള്‍ തന്നോട് പറയുന്നത് കൊണ്ട് പ്രയോജനമുണ്ടാകില്ല. ഭരണഘടനയുടെ 32 -ാം അനുച്ഛേദപ്രകാരം സുപ്രീം കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ പ്രതിപക്ഷം ഹര്‍ജി നല്കിയാല് അത് എത്രയും വേഗം തന്നെ ലിസ്റ്റ് ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രീം കോടതിയുടെ വാതിലുകള്‍ എപ്പോഴും തുറന്നു കിടക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
