Advertisement

മൊഗ്രാല്‍ മെക് 7 ഹെല്‍ത്ത് ക്ലബ്ബ് രണ്ടാം വാര്‍ഷികം:ഫുട്‌ബോള്‍ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചു,മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് മിന്നും ജയം

By kcnchannel / October 14, 2026

.

മൊഗ്രാല്‍.പ്രഭാത വ്യായാമ കൂട്ടായ്മയായ മൊഗ്രാല്‍ മെക് 7 ഹെല്‍ത്ത് ക്ലബ്ബിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന മെഗാ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം വിവിധ പരിപാടികളാണ് ദിവസേന സംഘടിപ്പിക്കുന്നത്. ജില്ലയിലെ മെക് 7 ഹെല്‍ത്ത് ക്ലബ് അംഗങ്ങളുടെ മെഗാ സംഗമമാണ് ഒക്ടോബര്‍ 20,21 തീയതികളിലായി മൊഗ്രാല്‍ ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുന്നത്.മൊഗ്രാല്‍, കുമ്പള,പട്ട്‌ള,പള്ളിക്കര, തൃക്കരിപ്പൂര്‍,പടന്ന, ചെറുവത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വനിതാ അംഗങ്ങളടക്കം 350-ഓളം പേര്‍ മെഗാ സംഗമത്തില്‍ പങ്കെടുക്കും.

ഇതിന്റെ പ്രചരണാര്‍ത്ഥം ക്രിക്കറ്റ് ടൂര്‍ണമെന്റിന് പിന്നാലെ കഴിഞ്ഞ ദിവസം മൊഗ്രാല്‍-ഉപ്പള സ്‌പോര്‍ട്‌സ് ക്ലബ്ബ് ടീമുകളെ സംഘടിപ്പിച്ച് ഫുട്‌ബോള്‍ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചു. ഉപ്പള സ്‌പോര്‍ട്‌സ് ക്ലബ്ബിനെ മൂന്നിനെതിരെ ഒരു ഗോളിന്(3-1) തോല്‍പ്പിച്ച് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് വിജ യിച്ചു.ടീമുകള്‍ക്കുള്ള ട്രോഫിയും, ഉപഹാരങ്ങളും മെക് 7 ജില്ലാ കോഡിനേറ്റര്‍ എം മാഹിന്‍ മാസ്റ്റര്‍,ഏരിയ കോഡിനേറ്റര്‍മാരായ റിയാസ് കരീം ടികെ ജാഫര്‍ എന്നിവര്‍ വിതരണം ചെയ്തു. ചടങ്ങില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് അന്‍വര്‍ അഹമ്മദ് എസ്, വൈസ് പ്രസിഡണ്ട് എം എ അബൂബക്കര്‍ സിദ്ദീഖ്, ട്രഷറര്‍ റിയാസ് മൊഗ്രാല്‍, എംഎസ് സി മുന്‍ ക്യാപ്റ്റന്‍ മുബാറക്ക് അഹമ്മദ് സിദ്ദീഖ്,അഷ്‌റഫ് ഉപ്പള എന്നിവരും മെക് 7 അംഗങ്ങളും സംബന്ധിച്ചു.

പരിപാടിയോടനുബന്ധിച്ച് 20ന് രാത്രി 7മണി മുതല്‍ ഇശല്‍ ഗ്രാമത്തിലെ കലാകാരന്മാരും, സ്‌കൂള്‍-മദ്രസ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് കലാ വിരുന്നൊരുക്കും. 21ന് രാവിലെ 6:15ന് വ്യായാമം.ക്യാപ്റ്റന്‍ സലാഹുദ്ദീന്‍ നേതൃത്വം നല്‍കും.ശേഷം മെഗാ സംഗമം മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, മെക് 7 ബ്രാന്‍ഡ് അംബാസിഡര്‍ അറക്കല്‍ ബാവ, നോര്‍ത്ത് സോണല്‍ അസി:കോഡിനേറ്റര്‍ നിയാസ് എകരൂര്‍,ഡോ: ഇസ്മായില്‍ മുജദ്ദിദി,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹിക- സാംസ്‌കാരിക- വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. തുടര്‍ന്ന് പ്രഭാത ഭക്ഷണം.

പരിപാടിയുടെ പ്രചരണാര്‍ത്ഥം19ന് തിങ്കളാഴ്ച വൈകുന്നേരം 4.30ന് കുമ്പളയിലും,6.30ന് മൊഗ്രാലിലുമായി വിളംബര ജാഥ സംഘടിപ്പിക്കും.