Advertisement

ഫ്രാന്‍സില്‍ കലാപമുണ്ടാക്കുന്നത് കുടിയേറ്റക്കാര്‍, മാക്രോണ്‍ രാജ്യ അതിര്‍ത്തികള്‍ അടച്ചിടണം: ട്രംപ്

By kcnchannel / October 20, 2026

ന്യൂയോര്‍ക്ക്: ഇറാന്‍ യുദ്ധത്തിനെതിരായ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണിന്റെ വിമര്‍ശനം വ്യാജ വാര്‍ത്തയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരായ അമേരിക്കയുടെ ആക്രമണമാണ് നിലവിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായതെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭിപ്രായമെന്ന നിലയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് തികച്ചും വ്യാജമാണെന്ന് ട്രംപ് വ്യക്തമാക്കി. കുടിയേറ്റക്കാരാണ് ഫ്രാന്‍സിലെ കലാപത്തിന് കാരണമെന്ന് ട്രംപ് ആവര്‍ത്തിച്ചു. പാരീസ് വൈകാതെ മുസ്ലിം നഗരമാകും. അതിര്‍ത്തികള്‍ അടച്ച് കുടിയേറ്റം തടയണമെന്നും ഫ്രഞ്ച് പ്രസിഡന്റിനോട് ട്രംപ് ആവശ്യപ്പെട്ടു.

മാക്രോണ്‍ തന്റെ അടുത്ത സുഹൃത്താണെന്നും കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിങ്ങള്‍ വലിയ തെറ്റാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് പലവട്ടം പറഞ്ഞതാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പാരീസ്, ലില്‍, നൈസ് തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധം ശക്തമാകുകയും കര്‍ഫ്യു പ്രഖ്യാപിക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമില്ലായ്മ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സില്‍ പ്രതിഷേധം കനക്കുന്നത്.