Advertisement

ഇന്ത്യയിലും നേപ്പാളിലും തെരച്ചില്‍; യുവാവിന്റെ മരണത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ ശ്രദ്ധ ദുബെ അറസ്റ്റില്‍

By kcnchannel / October 20, 2026

ലക്‌നൗ: റെസ്റ്റോറന്റ് ഉടമയുടെ മരണത്തില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ ശ്രദ്ധ ദുബെ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ നിന്നാണ് ശ്രദ്ധ ദുബെയെയും സഹോദരി രശ്മി ദുബെ, ഡ്രൈവര്‍ തന്‍വീര്‍ അലി (ഡാനിഷ്) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെയും നേപ്പാളിലെയും വിവിധയിടങ്ങളില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് അറസ്റ്റ്. മൂവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നേപ്പാളിലേക്ക് കടന്ന മൂന്നുപേരും ഉത്തര്‍ പ്രദേശിലേക്ക് മടങ്ങിയെത്തി നാഗ്പുരിലേക്ക് പോകുംവഴിയാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ഒന്‍പതാം തീയതി ആണ് 28കാരനായ ശിവ ശര്‍മ ലക്‌നൗവിലെ ഹസ്രത്ഗഞ്ച് മേഖലയില്‍ സ്ഥിതിചെയ്യുന്ന ശ്രദ്ധയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണു മരിച്ചത്. ശ്രദ്ധയുടെ ലിവ് ഇന്‍ പങ്കാളിയായിരുന്ന ശിവ ശര്‍മ. മരണത്തിന് പിന്നില്‍ ശ്രദ്ധയും മറ്റുള്ളവരുമാണെന്ന് ശര്‍മയുടെ അമ്മ രഞ്ജന ശര്‍മ ആരോപിച്ചിരുന്നു. രഞ്ജന ശര്‍മയുടെ പരാതിയില്‍ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. താന്‍ നിരപരാധിയാണെന്നും ശര്‍മയുടേത് ആത്മഹത്യയാണെന്നും ചൂണ്ടിക്കാട്ടി ശ്രദ്ധ രംഗത്തെത്തിയിരുന്നു.

അന്വേഷണത്തില്‍ ശ്രദ്ധയും സംഘവും നേപ്പാളിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവരുടെ കാര്‍ ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിയില്‍ പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നേപ്പാള്‍ പൊലീസുമായി ബന്ധപ്പെട്ട ലക്‌നൗ പൊലീസ് മൂവരുടെയും സഞ്ചാരപാതയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിനിടെ, ശ്രദ്ധയും സംഘവും ഉത്തര്‍ പ്രദേശിലേക്ക് മടങ്ങിയെത്തിയതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നാഗ്പുരിലേക്ക് പോകുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇതോടെ ഉത്തര്‍ പ്രദേശ് പൊലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും മഹാരാഷ്ട്ര പൊലീസിന്റെയും സഹായത്തോടെ ലക്‌നൗ പൊലീസ് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ലക്‌നൗവില്‍ എത്തിച്ചു കോടതിയില്‍ ഹാജരാക്കും.